kk-

വ്യക്തിയല്ല, പാർട്ടിയാണ് ക്യാപ്ടനെന്ന സി.പി.എം കണ്ണൂർ മുൻ ജില്ലാസെക്രട്ടറി പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് പിണറായി വിജയനെ ക്യാപ്‌ടനെന്ന് വിശേഷിപ്പിക്കുന്നതിന് എതിരെ പുതിയ വിവാദം ഉടലെടുത്തിരുന്നു. . ഈ വിഷയത്തിൽ കവിതയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടതു നിരീക്ഷകൻ ഡോ. ആസാദിന്റെ കവിത. ഫേസ്ബുക്കിലാണ് ആസാദ് കവിതയുമായി എത്തിയത്. 'സഖാവേ എന്നു വിളിക്കാനാവാത്ത, ഒരുയരവും ഞങ്ങൾക്കു താണ്ടാനില്ല. സഖാവേ എന്നാശ്ലേഷിക്കാനാവാത്ത, ഒരുന്മേഷവും ഞങ്ങളെ കുളിർപ്പിക്കില്ല.' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാക്കൾ അണികളോടു പ്രകടിപ്പിക്കുന്ന ശരീരഭാഷയെയും കവിതയിൽ സൂചിപ്പിക്കുന്നുണ്ട്.

ഡോ. ആസാദിന്റെ കവിത

ഞങ്ങൾക്കു ക്യാപ്ടൻന്മാരില്ല.
കാരണം, ഞങ്ങൾ സഖാക്കളാണ്.
സഖാവേ എന്നു വിളിക്കാനാവാത്ത
ഒരുയരവും ഞങ്ങൾക്കു താണ്ടാനില്ല.
സഖാവേ എന്നാശ്ലേഷിക്കാനാവാത്ത
ഒരുന്മേഷവും ഞങ്ങളെ കുളിർപ്പിക്കില്ല.

അവൻ/ൾ എന്റെ സഖാവ് എന്നതിൽ
കവിഞ്ഞൊരു പുരസ്‌കാരവും കിട്ടാനില്ല.
അവൾ/ൻ എന്റെ സഖാവല്ല എന്നതിൽ
കവിഞ്ഞൊരു നിന്ദയും സഹിക്കാനില്ല.

കാരണം സഖാവ് എന്നതു വെറുംവാക്കല്ല.
സിരകളിലേക്കു പ്രവഹിക്കുന്ന വിളിയാണ്.
അറിയപ്പെടാത്ത അനേകരിലേക്കുള്ള
സാഹോദര്യത്തിന്റെ സ്‌നേഹപ്പാലമാണ്.

ഞങ്ങളിലൊരാളെ ക്യാപ്ടനെന്നു
അഭിസംബോധന ചെയ്യുമ്പോൾ
ഒരു വിയോഗത്തിന്റെ നടുക്കമറിയും.
ഒരനാഥത്വത്തിന്റെ കാലഖേദമിരമ്പും.

ഞങ്ങളിൽനിന്നും മുറിച്ചുമാറ്റപ്പെട്ട
അർബുദബാധിതമായ അവയവംപോലെ
ചോരയോട്ടം നിലച്ച ഞരമ്പുകൾ,
തണുത്തുറഞ്ഞ ഒരുടൽഛേദം.

ആജ്ഞയും വിധേയത്വവും കലഹിക്കുന്ന
നാളുകളെത്രയോ കടന്നുപോയി.
ആജ്ഞകൾക്കു കാതോർത്തു കഴിയാൻ
അടിമജീവിതങ്ങളിനി ബാക്കിയില്ല.

സാനിറ്റൈസർ വച്ചുനീട്ടുന്ന
കൊച്ചുകുട്ടിയാണ്
ഞങ്ങളുടെ ജനാധിപത്യം.
മുതിർന്നവരുടെ കൈകളിലെ കീടങ്ങൾ
അവർക്കു തുടച്ചുനീക്കിയേ പറ്റൂ.

മാലചാർത്തിയാശ്ലേഷിക്കുന്ന സഖാക്കൾ
നിശ്ശബ്ദമായ് ഒരു സംഗീതം പങ്കിടും.
അപശ്രുതികലർന്ന ആത്മരാഗത്തിന്റെ
ചകിതവെപ്രാളം അതു തട്ടിയെറിയും.

അവനവനിൽ ശത്രുവെ പോറ്റുന്നവർ
വാക്കുകളും ആശ്ലേഷങ്ങളുമകറ്റും.
അടുപ്പങ്ങളിൽനിന്നും രക്ഷനേടാൻ
ക്യാപ്ടനെന്ന കട്ടിക്കുപ്പായമണിയും.

ഉറങ്ങാൻ ഇരുമ്പു മറകൾ വേണം.
യാത്രയ്ക്കു അകമ്പടി സേനകൾ വേണം.
ആകാശം മുട്ടുന്ന കട്ടൗട്ടുകൾകൊണ്ട്
അവനവനെ പെരുപ്പിച്ചു നിർത്തണം.

ഞങ്ങൾക്കു പക്ഷേ ക്യാപ്ടനെ വേണ്ട.
ഭീരുക്കളുടെ ഒളിയിടങ്ങളേക്കാൾ
പോരാളികൾക്കു പ്രിയം ശവമാടമാണ്.
അതിനാൽ ഞങ്ങൾ സഖാക്കളാണ്.
സഖാക്കൾ മാത്രമാണ്...