chennithala

തൊടുപുഴ: കെ എസ് ഇ ബി - അദാനി കരാറിൽ അഴിമതി ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം കരാറിന്റെ ലെറ്റർ ഒഫ് അവാർഡ് പുറത്ത് വിടുകയും ചെയ്തു. അദാനിയുമായി എന്തെങ്കിലും കരാർ കെ.എസ്.ഇ.ബി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ പുറത്തുവിടാൻ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാനുള്ള കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഒഫ് അവാർഡ് നൽകുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സർക്കാരിന് കത്ത് നൽകിയിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

2021 ഏപ്രിൽ ഒന്നു മുതൽ 15 വരെയും ഏപ്രിൽ 16 മുതൽ 30 വരെയും മേയ് 1 മുതൽ 15 വരെയും മേയ് 16 മുതൽ 31 വരെയും നാല് ഘട്ടങ്ങളിലായാണ് അദാനിയിൽ നിന്നും കറന്റ് വാങ്ങാൻ ഉടമ്പടി ഉണ്ടാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് അദാനിയുമായി ഈ ഹ്രസ്വകാല ഇടപാടിൽ കരാർ ഒപ്പു വയ്ക്കാത്തത്. പകരം അതിന് തുല്യമായ ലെറ്റർ ഒഫ് അവാർഡ് നൽകി ഉടമ്പടി നടപ്പിൽ വരുത്തുകയാണ് ചെയ്തിട്ടുള്ളത്. അഞ്ച് വർഷമായി കേരളം വൈദ്യുതി മിച്ച സംസ്ഥാനമാണെന്നാണ് റെഗുലേറ്ററി കമ്മീഷൻ പറയുന്നത്. അങ്ങനെയെങ്കിൽ 3.04 രൂപയ്ക്ക് എന്തിന് ഇപ്പോൾ അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നു? ഇതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമെന്നിരിക്കെ എന്തിന് കൂടിയ വിലയ്ക്ക് വാങ്ങുന്നു-ചെന്നിത്തല ചോദിച്ചു.

25 വർഷക്കാലം അദാനിയിൽനിന്ന് ഉയർന്ന വിലയ്ക്ക് കാറ്റിൽനിന്നുള്ള വൈദ്യുതി വാങ്ങാനുള്ള ആദ്യ കരാറും, ഉയർന്ന വിലയ്ക്ക് ചെറിയ കാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഇപ്പോഴത്തെ ഉടമ്പടിയും അദാനിയുമായുള്ള പിണറായി സർക്കാരിന്റെ പ്രിയത്തെയാണ് കാണിക്കുന്നത്.മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനിയെന്ന് പറഞ്ഞ് ചെന്നിത്തല മോദി - അദാനി - പിണറായി കൂട്ടുകെട്ടുണ്ടെന്നും ഈ ബന്ധത്തിന്റെ പേരിലാണ് ലാവ്‌ലിൻ കേസിലെ നടപടികൾ വൈകിക്കുന്നതെന്നും ആക്ഷേപിച്ചു. 28 തവണ ലാവ്‌ലിൻകേസ് മാറ്റിവച്ചത് ഈ കൂട്ടുകെട്ട് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഓരോ തവണയും താൻ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള വ്യക്തമായ രേഖകൾ ഹാജരാക്കുമ്പോൾ പറഞ്ഞത് വിഴുങ്ങി, ഇളിഭ്യനായി മാളത്തിലേക്ക് തലവലിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇ.എം.സി.സി.യുമായി സംസ്ഥാന സർക്കാരുണ്ടാക്കിയ കരാർ കാര്യത്തിലും സ്പ്രിംഗ്ളർ ഇടപാടിലുമെല്ലാം ഇത് കണ്ടതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ധനമന്ത്രി തോമസ് ഐസക്കിനെയും ചെന്നിത്തല പരിഹസിച്ചു. 4000 കോടി കടമെടുത്തിട്ട് 5000 കോടി മിച്ചമുണ്ടെന്ന് പറയുന്ന അത്ഭുതം സൃഷ്ടിച്ചയാളാണ് തോമസ് ഐസക്കെന്നായിരുന്നു പരിഹാസം.