റായ്പൂർ: ചത്തീസ്ഗഡിൽ ഇന്നലെയുണ്ടായ മവോയിസ്റ്റ് ഏറ്റുമുട്ടലിൽ അഞ്ച് സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. 20 പേർക്ക് പരിക്കേറ്റു.21 സൈനികരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സുക്മബിജാപൂർ അതിർത്തിയിൽ ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ ജവാന്മാരെ ബിജാപൂർ ആശുപത്രിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ഏഴ് പേരെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിംഗ് ചത്തീസ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു. ശത്രുക്കൾക്കെതിരായ പോരാട്ടം തുടരുമെന്ന്അമിത് ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി അമിത് ഷാ ചർച്ച നടത്തി, സ്ഥിതിഗതികൾ വിലയിരുത്തി.
I bow to the sacrifices of our brave security personnel martyred while fighting Maoists in Chhattisgarh. Nation will never forget their valour. My condolences are with their families. We will continue our fight against these enemies of peace & progress. May injured recover soon.
— Amit Shah (@AmitShah) April 4, 2021
ചത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ടരേം മേഖലയിൽ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. സിആർപിഎഫിലെ എലൈറ്റ് കോബ്ര യൂണിറ്റ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) എന്നിവർ നടത്തിയ സംയുക്ത ഓപ്പറേഷനിൽ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് സംസ്ഥാനത്ത് ഡിആർജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. അഞ്ച് പൊലീസുകാരാണ് അന്ന് മരിച്ചത്. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.