pinarayi-vijayan

കണ്ണൂർ: കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞതവണ നേമം ആയിരുന്നെങ്കിൽ, ഇത്തവണ കൂടുതൽ സീറ്റുകൾ നൽകാനാണ് യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധിയെങ്കിലും അദ്ദേഹം കാര്യങ്ങൾ മനസിലാക്കാറില്ല. ഒരു കേരളതല യോജിപ്പ് രാഹുൽ ഗാന്ധിയുടെ പാർട്ടിയും ലീഗും ബിജെപിയും ചേർന്ന് സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളുവെങ്കിലും, ഇത്തവണ ഒന്നിലധികം സീറ്റുകൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

എൽഡിഎഫ് ഒരു കാര്യം പറഞ്ഞാൽ അത് നടന്നിരിക്കും എന്ന് ഉറപ്പ് ജനങ്ങൾക്കുണ്ട്. ജീവിതാനുഭവത്തിലൂടെ വന്ന വിശ്വാസമാണത്. കടക്കെണിയുടെ കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുന്നിലെന്ന് പറഞ്ഞ് കണക്കുകൾ നിരത്തിയ മുഖ്യമന്ത്രി, പഞ്ചാബിലേയും രാജസ്ഥാനിലെയും കാര്യമാണ് ഉദാഹരണമായി പറഞ്ഞത്.

നേരം പുലരുമ്പോൾ പ്രതിപക്ഷ നേതാവ് കുറേ ആരോപണങ്ങൾ വായിക്കും. അതിന് മറുപടി ലഭിക്കുമ്പോൾ അടുത്തത് വായിക്കും. അതാണ് പ്രതിപക്ഷ ധർമമെന്നാണ് പ്രതിപക്ഷ നേതാവ് ധരിച്ചുവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ക്യാപ്‌ടൻ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ- 'സഖാവ് പി. ജയരാജന്റെ പിന്നാലെ മാദ്ധ്യമങ്ങൾ കൂടിയിരിക്കുകയാണ്. ജനസ്വീകാര്യത എൽഡിഎഫിന് വലിയ തോതിൽ വർദ്ധിച്ചുവരികയാണ്. അതിന്റെഭാഗമായി വല്ലാത്തൊരു അസ്വസ്ഥത ഞങ്ങളെ എതിർക്കുന്നവർക്കുണ്ടാകും.

എവിടെയെങ്കിലും പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങൾ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. അതൊക്കെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. പ്രത്യേകതരത്തിലുള്ള അഭിനിവേശം എൽഡിഎഫിനോട് ഉണ്ടാകുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. പാട്ടെഴുതി എനിക്കൊരു വീട്ടമ്മ കൊണ്ട് തന്നിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. ജയരാജൻ പറഞ്ഞ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു പരിപാടിയുടെ ഭാഗമായി നമ്മൾ ചെല്ലുമ്പോൾ അവിടെയുളളവർ ആവേശപ്രകടനങ്ങളും മറ്റും കാണിക്കും.

സ്‌നേഹപ്രകടനങ്ങളും ആവേശപ്രകടനങ്ങളും കാണുമ്പോൾ ഇതൊക്കെ എന്റെ വ്യക്തിപരമായ കേമത്തരത്തിന്റെ ഭാഗമാണെന്ന് തോന്നി തലക്ക് വല്ലാതെ കനം കൂടിയാൽ അതൊരു പ്രശ്‌നമായി തീരും. അത് കമ്മ്യൂണിസ്റ്റുകാർക്ക് സാധാരണ ഉണ്ടാകാറില്ല. ഉണ്ടായാൽ പാർട്ടി തിരുത്തും. അതൊന്നും മറച്ച് വെക്കേണ്ടതില്ല. എന്റെ അനുഭവത്തിൽ ഇത്തരത്തിൽ ധാരാളം ആവേശപ്രകടനം കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയിൽ വ്യത്യാസം വരാൻ പോകുന്നില്ല. ഒരു കമ്മ്യൂണിസ്റ്റുകാരൻ കാത്ത് സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് തന്നെ മുന്നോട്ടുപോകും'- പിണറായി പറഞ്ഞു.

പാർട്ടിയാണ് ക്യാപ്‌ടനെന്ന് കോടിയേരിയും പറഞ്ഞു. അത് തന്നെയാണ് ശരി. പാർട്ടിക്ക് അതീതനായി എന്ന് ഒരാൾക്ക് തോന്നുമ്പോൾ അതിൽ തിരുത്തൽ വരുത്തും. ജയരാജൻ പാർട്ടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയെ നല്ലരീതിയിലാണ് അദ്ദേഹം പ്രതിരോധിച്ചത്. അതിനകത്ത് ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.