കോട്ടയം: പൂഞ്ഞാറിൽ ഇടത്-എസ് ഡി പി ഐ ധാരണയെന്ന് ആവർത്തിച്ച് പി സി ജോർജ്. ന്യൂനപക്ഷങ്ങൾ കൈവിടില്ലെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിനാേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തവണ ഭൂരിപക്ഷം കൂടും. പൂഞ്ഞാറിൽ ആരും തന്നെ എതിർക്കുന്നില്ല എന്നതുതന്നെ ഇതിന് കാരണം. എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും സ്ഥാനാർത്ഥികൾ മറ്റിടങ്ങളിൽ ഉള്ളവരാണ്. ജയിക്കില്ല എന്നറിയാമെന്നതുകൊണ്ട് മത്സരിക്കാൻ ആരെയെങ്കിലും കൊണ്ടിട്ടിരിക്കുന്നു എന്നേയുള്ളൂ. കഴിഞ്ഞതവണ എസ് ഡി പി ഐയുടെ പിന്തുണ എനിക്കായിരുന്നു. പിന്നീടാണ് അവരുടെ സ്വഭാവം മാറിയത്. ഇപ്പോൾ അവരുമായി ഒരു ബന്ധവും വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. അതിൽ അവർക്ക് വൈരാഗ്യമുണ്ട്. തല്ലാനും കൊല്ലാനും പറ്റാത്തതുകൊണ്ട് കൂവുന്നു. ഇപ്പോൾ ഒരു കൂവൽ പാർട്ടിയായി എസ് ഡി പി ഐ മാറി. അവർ കൂവിക്കൊണ്ടേയിരിക്കും.ഞാൻ തെറിപറഞ്ഞുകൊണ്ടേയിരിക്കും'-പിസി ജോർജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലെ കൂവൽ വിവാദത്തിന് പിന്നാലെയാണ് ഇടത്-എസ് ഡി പി ഐധാരണയെന്ന ആരോപണവുമായി ആദ്യം പി സി ജോർജ് രംഗത്തെത്തിയത്. താൻ പോകുന്ന ചില സ്ഥലങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാർത്ഥിയുടെ അറിവാേടെയാണെന്നും പി സി ജോർജ് ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഈരാറ്റുപേട്ടയ്ക്ക് സമാനമായ സംഭവങ്ങൾ പലയിടത്തുനിന്നും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
കൂവലിനെത്തുർടന്ന് ഈരാറ്റുപേട്ട മേഖലയിൽ ഇനി പ്രചാരണം നടത്തില്ലെന്ന് പറഞ്ഞ പി. സി ജോർജ് സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും വർഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പറഞ്ഞിരുന്നു.