രാജ്യമാകെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിധിയെഴുത്തിനായി കേരളം നാളെ പോളിംഗ് ബൂത്തിലെത്തുമ്പോൾ
മുന്നണികളുടെ പ്രതീക്ഷകളും സാദ്ധ്യതകളും മാറിമറിയുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ഒരു പോലെ നിർണായകമായ വിധിയെഴുത്തിൽ നേട്ടം ആർക്കൊപ്പമെന്ന ചോദ്യത്തിനുത്തരം അവസാനനിമിഷവും പ്രവചനാതീതമായി തുടരുന്നു. തുടക്കം മുതൽ നിലനിറുത്തിപ്പോരുന്ന മേധാവിത്വത്തിൽ മാറ്റമില്ലെന്ന ആത്മവിശ്വാസവുമായി എൽ.ഡി.എഫ് ജനവിധിയെ നേരിടുമ്പോൾ സ്ഥാനാർത്ഥി നിർണയത്തിലെ പുതുമയാണ് യു.ഡി.എഫിന്റെ ബലം.
ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാൻ നാടിളക്കിയുള്ള പ്രചാരണമാമാങ്കവുമായി എൻ.ഡി.എയും രംഗത്തുണ്ട്. അവസാനവട്ട കൂട്ടലിനും കിഴിക്കലിനും ശേഷം തികഞ്ഞ വിജയപ്രതീക്ഷ പുലർത്തുകയാണ് മുന്നണികൾ.
ജില്ലകളിലെ തീ പാറുന്ന പോരാട്ട മണ്ഡലങ്ങൾ വച്ച് കണക്കുകൂട്ടിയപ്പോൾ ഏകദേശസാദ്ധ്യത
എൽ.ഡി.എഫ് : 52 മുതൽ 97 വരെ
യു.ഡി.എഫ്: 49 മുതൽ 89 വരെ
എൻ.ഡി.എ: 1 മുതൽ 11 വരെ
(പല മണ്ഡലങ്ങളിലും പോരാട്ടം പ്രവചനാതീതമായതിനാൽ ഇത് മാറിമറിയാം)
മുന്നണികൾ തമ്മിലെ പോര് ഇഞ്ചോടിഞ്ചെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
ഒറ്റനോട്ടത്തിൽ
കാസർകോട്: ആകെ സീറ്റ് 5.
2016: എൽ.ഡി.എഫ് 3, യു.ഡി.എഫ് 2
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വംകൊണ്ട് മഞ്ചേശ്വരത്ത് ത്രികോണപ്പോര്. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചൂടാറിയിട്ടില്ലാത്ത ഉദുമയിൽ എൽ.ഡി.എഫ് യു.ഡി.എഫ് പോര്.
സാദ്ധ്യത: എൽ.ഡി.എഫ് 2- 3, യു.ഡി.എഫ് 2- 3, എൻ.ഡി.എ 0- 1
കണ്ണൂർ: ആകെ സീറ്റ് 11
2016: എൽ.ഡി.എഫ് 8, യു.ഡി.എഫ് 3
എൽ.ഡി.എഫ് ആധിപത്യത്തിന് കാര്യമായ ഏറ്റക്കുറച്ചിലില്ല. പക്ഷേ ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്നു. ബി.ജെ.പിക്ക് സ്വാധീനമുണ്ടായിരുന്ന തലശേരിയിൽ അവരുടെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് യു.ഡി.എഫ്- എൽ.ഡി.എഫ് പോരാട്ടത്തെ കൊഴുപ്പിച്ചു.
സാദ്ധ്യത: എൽ.ഡി.എഫ് 5 - 9, യു.ഡി.എഫ് 3 - 6,
വയനാട് : ആകെ സീറ്റ് 3
2016: എൽ.ഡി.എഫ് 2, യു.ഡി.എഫ് 1
യു.ഡി.എഫ് കളം തിരിച്ചുപിടിക്കാൻ ശ്രമം. മേൽക്കൈ നിലനിറുത്തുന്നതിനൊപ്പം മൂന്നാമത്തേതും പിടിച്ചെടുക്കാൻ എൽ.ഡി.എഫ് ശ്രമം. സി.കെ. ജാനുവിന്റെ എൻ.ഡി.എ സ്ഥാനാർത്ഥിത്വത്താൽ ബത്തേരിയിൽ ത്രികോണപ്പോര്.
സാദ്ധ്യത : എൽ.ഡി.എഫ് 1 - 3, യു.ഡി.എഫ് 1- 3,
കോഴിക്കോട് : ആകെ സീറ്റ് 13.
2016: എൽ.ഡി.എഫ് 11, യു.ഡി.എഫ് 2
2006 മുതലിങ്ങോട്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത് മേൽക്കൈയുള്ള ജില്ല. പക്ഷേ അവസാനഘട്ടത്തിൽ കനത്ത പോരാട്ടം. ബി.ജെ.പിയിൽ എം.ടി. രമേശിന്റെ സാന്നിദ്ധ്യമുള്ള കോഴിക്കോട് നോർത്തിൽ ശക്തമായ ത്രികോണപ്പോര്. കെ.കെ. രമ മത്സരിക്കുന്ന വടകരയും ശ്രദ്ധാകേന്ദ്രം.
സാദ്ധ്യത: എൽ.ഡി.എഫ് 5 - 10, യു.ഡി.എഫ് 3- 6
മലപ്പുറം: ആകെ സീറ്റ് 16
2016 എൽ.ഡി.എഫ് 4, യു.ഡി.എഫ് 12
ലീഗിന്റെ മേധാവിത്വം മാറ്റമില്ലാതെ തുടരുന്നു. എൽ.ഡി.എഫിന്റെ നാല് സിറ്റിംഗ് സീറ്റുകളിൽ മത്സരം കടുത്തത്. മൂന്നിടത്ത് അതിശക്തമായ മത്സരം.
സാദ്ധ്യത: എൽ.ഡി.എഫ് 2- 4, യു.ഡി.എഫ് 12- 14,
പാലക്കാട്: ആകെ സീറ്റ് 12
2016: എൽ.ഡി.എഫ് 9, യു.ഡി.എഫ് 3
എൽ.ഡി.എഫിന് ഇപ്പോഴും നേരിയ മുൻതൂക്കം. ചില മണ്ഡലങ്ങളിൽ അപ്രതീക്ഷിത അട്ടിമറി പ്രതീക്ഷിച്ച് കടുത്ത മത്സരവുമായി യു.ഡി.എഫ്. പാലക്കാട്ട് മെട്രോമാൻ ഇ. ശ്രീധരന്റെ സാന്നിദ്ധ്യത്താൽ ശക്തമായ ത്രികോണപ്പോര്. മലമ്പുഴയിലും ത്രികോണപ്പോര്.
സാദ്ധ്യത: എൽ.ഡി.എഫ് 6- 10, യു.ഡി.എഫ് 3- 6
തൃശൂർ: ആകെ സീറ്റ് 13
2016: എൽ.ഡി.എഫ് 12, യു.ഡി.എഫ് 1
കഴിഞ്ഞ തവണ യു.ഡി.എഫിനെ തകർത്ത ജില്ലകളിലൊന്ന്. ഇത്തവണ തിരിച്ചുകയറാൻ പല മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ കഠിനശ്രമം. നിലനിറുത്താൻ ഇടതുമുന്നണിയും ശ്രമിക്കുമ്പോൾ പലയിടത്തും വാശീയേറിയ പോരാട്ടം. തൃശൂരിൽ സുരേഷ് ഗോപി എൻ.ഡി.എ സ്ഥാനാർത്ഥിയായതോടെ ത്രികോണപ്പോര്.
സാദ്ധ്യത: എൽ.ഡി.എഫ് 6 - 11 യു.ഡി.എഫ് 2- 7 എൻ.ഡി.എ 0- 1
എറണാകുളം: ആകെ സീറ്റ് 14
2016: എൽ.ഡി.എഫ് 5, യു.ഡി.എഫ് 9
യു.ഡി.എഫ് മേൽക്കൈയുള്ള ജില്ല. കേരള കോൺഗ്രസ് മാണിഗ്രൂപ്പിന്റെ വരവോടെ സാഹചര്യം മാറിമറിഞ്ഞെന്ന് കണക്കുകൂട്ടുന്ന എൽ.ഡി.എഫ് സ്വാധീനമുയർത്താമെന്ന പ്രതീക്ഷയിൽ. 20-20 സാന്നിദ്ധ്യം കുന്നത്തുനാടിലും പെരുമ്പാവൂരിലും നിർണായകം. തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സാന്നിദ്ധ്യവും നിർണായകം.
സാദ്ധ്യത: എൽ.ഡി.എഫ് : 5- 8 യു.ഡി.എഫ് 9- 11 എൻ.ഡി.എ 0- 1
ഇടുക്കി: ആകെ സീറ്റ് 5
2016: എൽ.ഡി.എഫ് 3, യു.ഡി.എഫ് 2
കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ വരവിൽ ഇടതുപ്രതീക്ഷ ശക്തിപ്പെട്ട ജില്ല. യു.ഡി.എഫ് സ്വാധീനത്തിന് ഇടിവുണ്ടാകില്ലെന്ന് യു.ഡി.എഫ് പ്രതീക്ഷ.
സാദ്ധ്യത: എൽ.ഡി.എഫ് 3 - 4, യു.ഡി.എഫ് 2 - 4
കോട്ടയം: ആകെ സീറ്റ് 9
2016: എൽ.ഡി.എഫ് 2, യു.ഡി.എഫ് 6, ജനപക്ഷം 1
യു.ഡി.എഫ് മേൽക്കൈയുള്ള ജില്ല. കേരള കോൺഗ്രസ്-എം മുന്നണി വിട്ടത് ഏറ്റവുമധികം ചർച്ചയാവുന്ന ജില്ല. അത് തുണയാകുമെന്നത് ഇടതുപ്രതീക്ഷയ്ക്ക് ജീവനേകുന്നു. ലതിക സുഭാഷിന്റെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥിത്വം ഏറ്രുമാനൂരിൽ ചതുഷ്കോണമത്സരത്തിന് വഴിയൊരുക്കി. പി.സി. ജോർജ് ഒറ്റയാനായി ജയിച്ചുകയറിയ പൂഞ്ഞാറിൽ മത്സരം കടുത്തു. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എൻ.ഡി.എ സ്ഥാനാർത്ഥിയായ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ശക്തമായ ത്രികോണപ്പോര്.
സാദ്ധ്യത: എൽ.ഡി.എഫ് 2- 5, യു.ഡി.എഫ് 4- 7 സ്വതന്ത്രൻ 0 -1,
ആലപ്പുഴ: ആകെ സീറ്റ് 9
2016: എൽ.ഡി.എഫ് 8, യു.ഡി.എഫ് 1 ( 2019 ഉപതിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന് രണ്ടായി)
മന്ത്രിമാരായ തോമസ് ഐസകിന്റെയും ജി. സുധാകരന്റെയും സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുള്ള മാറ്റം ചർച്ചയായ മണ്ഡലം. അഞ്ച് മണ്ഡലങ്ങളിൽ കടുത്ത മത്സരം.
സാദ്ധ്യത: എൽ.ഡി.എഫ് 3- 8 യു.ഡി.എഫ് 3- 7 എൻ.ഡി.എ 0 -1
പത്തനംതിട്ട: ആകെ സീറ്റ് 5
2016: എൽ.ഡി.എഫ് 4, യു.ഡി.എഫ് 1 (2019 ഉപതിരഞ്ഞെടുപ്പോടെ എൽ.ഡി.എഫ് 5)
അഞ്ചിടത്തും എൽ.ഡി.എഫ് എം.എൽ.എമാർ. കെ. സുരേന്ദ്രന്റെ കോന്നിയിലെ ബി.ജെ.പി സ്ഥാനാർത്ഥിത്വം അതിശക്തമായ ത്രികോണപ്പോരിന് വഴിയൊരുക്കി.
സാദ്ധ്യത: എൽ.ഡി.എഫ് 2- 5, യു.ഡി.എഫ് 2- 3 എൻ.ഡി.എ 0- 1
കൊല്ലം: ആകെ സീറ്റ് 11
2016: എൽ.ഡി.എഫ് 11, യു.ഡി.എഫ് 0
യു.ഡി.എഫിനെ തുടച്ചുനീക്കിയ ജില്ല. കഴിഞ്ഞ തവണത്തെ സമ്പൂർണാധിപത്യം തുടരുക ഇടതിന് ഇക്കുറി വെല്ലുവിളി. മൂന്ന് മുതൽ നാല് വരെ മണ്ഡലങ്ങളിൽ തീ പാറും പോരാട്ടം. ചാത്തന്നൂരിൽ ശക്തമായ ത്രികോണപ്പോര്.
സാദ്ധ്യത: എൽ.ഡി.എഫ് 5- 9, യു.ഡി.എഫ് 1- 6, എൻ.ഡി.എ 0- 1
തിരുവനന്തപുരം: ആകെ സീറ്റ് 14
2016: എൽ.ഡി.എഫ് 9, യു.ഡി.എഫ് 4, എൻ.ഡി.എ 1 (2019 ഉപതിരഞ്ഞെടുപ്പോടെ എൽ.ഡി.എഫ് 10 യു.ഡി.എഫ് 3)
എൽ.ഡി.എഫ് ആധിപത്യത്തിന് കോട്ടമേൽക്കില്ലെന്ന പ്രതീക്ഷയായിരുന്നു തുടക്കത്തിൽ. അവസാനമെത്തിയപ്പോൾ യു.ഡി.എഫ് പല മണ്ഡലങ്ങളിലും മത്സരം കടുപ്പിക്കുന്നു. രാജ്യമാകെ ഉറ്റുനോക്കുന്ന നേമത്ത് തീ പാറുന്ന ത്രികോണപ്പോര്. കഴക്കൂട്ടവും വട്ടിയൂർക്കാവും കാട്ടാക്കടയും തിരുവനന്തപുരവും ശക്തമായ ത്രികോണപ്പോരിലാണ്.
സാദ്ധ്യത: എൽ.ഡി.എഫ് 5- 8, യു.ഡി.എഫ് 3 - 7, എൻ.ഡി.എ 1 - 2