heart-surgery

മോസ്കോ:തീപിടിച്ച് കത്തിയെരിഞ്ഞുകൊണ്ടിരുന്ന ആശുപത്രികെട്ടിടത്തിലെ ഓപ്പറേഷൻ തീയേറ്ററിൽ സ്വന്തം ജീവൻ തൃണവത്ഗണിച്ച് ഡോക്ടർമാർ രോഗിയുടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജകരമായി പൂർത്തിയാക്കി.തെക്കുകിഴക്കൻ റഷ്യയിലെ 114 വർഷം പഴക്കമുള്ള ആശുപത്രിയിലാണ് എട്ട് ഡോക്ടർമാരുടെ സംഘം അതിസാഹസികമായി രണ്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഒരു ജീവൻ രക്ഷിച്ചത്.എല്ലാം വിജയകരമായി പൂർത്തിയാക്കി രോഗിയെയും ഡോക്ടർമാരെയും ഒഴിപ്പിക്കുമ്പോൾ കെട്ടിടം ഏറക്കുറെ പൂർണമായും അഗ്നി വിഴുങ്ങിയിരുന്നു.

കഴിഞ്ഞദിവസമായിരുന്നു സംഭവം. ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയക്കായി രോഗിയെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചു. പരിശോധനകൾ എല്ലാം പൂർത്തിയാക്കി ഹൃദയം തുറന്നു. പെട്ടെന്നാണ് ഫയർ അലാറം അടിച്ചത്. ഒന്നുനടുങ്ങിയെങ്കിലും അതൊന്നും കാര്യമാക്കാതെ അവർ ശസ്ത്രക്രിയ തുടർന്നു. ഈ സമയം ആശുപത്രികെട്ടിടം അഗ്നി വിഴുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ ശസ്ത്രക്രിയ മതിയാക്കി എത്രയും പെട്ടെന്ന് കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങണമെന്ന് അഗ്നിശമനസേനാവിഭാഗം ഡോക്ർമാരെ അറിയിച്ചു. എന്നാൽ ശസ്ത്രക്രിയ നിറുത്തിയാൽ രോഗിയുടെ ജീവൻ അപകടത്തിലാവുമെന്നും അതിനാൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയായശേഷമേ തങ്ങൾ പുറത്തിറങ്ങൂ എന്നും ഡോക്ർമാർ അറിയിച്ചു. ഈസമയം ആശുപത്രികെട്ടിടമാകെ പുകകൊണ്ട് മൂടിയിരുന്നു.

വലിയ ഫാനുകൾ ഉപയോഗിച്ച് ഓപ്പറേഷൻ തീയേറ്ററിലേക്ക് പുക കടക്കാതെ നോക്കിയ അഗ്നിശമനസേനാവിഭാഗം ആ ഭാഗത്തേക്ക് തീ പരടുന്നത് ഒഴിവാക്കാനുള്ള നടപടിയും ആരംഭിച്ചു. പ്രത്യേക ലൈനുകളുപയോഗിച്ച് തീയേറ്ററിലേക്ക് പ്രശ്നമില്ലാതെ കറണ്ടും വെള്ളവും എത്തിക്കാനുള്ള നടപടികളും അവർ സ്വീകരിച്ചു. ഇതിനിടെ വളരെപെട്ടെന്നുതന്നെ ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി.തുടർന്ന് രോഗിയെ മറ്റാെരു ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും ആശുപത്രികെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും തീയേറ്ററിലേക്കും തീ എത്തിയിരുന്നു.

അതിസാഹസികതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡോക്ടർമാർക്ക് അഭിനന്ദന പ്രവാഹമാണ്. ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ർമാരും ഇവർക്കുവേണ്ട സഹായം നൽകിയ അഗ്നിശമനസേനയും ചെയ്തതെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.