കണ്ണൂർ: തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകൾ ബാക്കി നിൽക്കെ ധർമ്മടത്ത് റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് കേന്ദ്രങ്ങളിലാണ് പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും അദ്ദേഹത്തിനൊപ്പമുണ്ട്. നടന്മാരായ ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ ഉൾപ്പടെ താര സമ്പന്നമായാണ് മുഖ്യമന്ത്രിയുടെ പ്രചരണ ജാഥ മുന്നേറുന്നത്. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിനായി നൂറുകണക്കിന് പേരാണ് റോഡിന്റെ ഇരുവശത്തും അണിനിരന്നിട്ടുള്ളത്.
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, കൊട്ടിക്കലാശത്തിന് വിലക്കാണെങ്കിലും അതിനെ വെല്ലുന്ന തരത്തിൽ ആക്രമണത്തിന് മൂർച്ചകൂട്ടിയാണ് മുന്നണികൾ നാടിളക്കി മറിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിക്ക് പ്രചാരണവേളയിൽ ചാർത്തപ്പെട്ട ക്യാപ്‌ടൻ വിശേഷണം സി.പി.എമ്മിലും ഇടതുമുന്നണിയിലും അവസാന മണിക്കൂറുറിൽ തീപിടിപ്പിക്കുന്ന ചർച്ചയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്.
തുടർഭരണം ഉറപ്പാക്കാനുള്ള തീവ്രശ്രമവുമായി ഇടതുമുന്നണിയും എങ്ങനെയും ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും സർവ്വ ആയുധങ്ങളുമായി കളം നിറഞ്ഞ് പൊരുതുകയാണ്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി ഇക്കുറി കേരളത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച എൻ.ഡി.എ ത്രികോണപ്പോരിന്റെ പ്രവചനാതീത നിലയിലേക്ക് പല മണ്ഡലങ്ങളെയും എത്തിച്ചിട്ടുണ്ട്.