കയ്റോ: എവർഗിവൺ കപ്പൽ മൂലം സൂയസിൽ കുടുങ്ങിക്കിടന്ന മുഴുവൻ കപ്പലുകളും കനാൽ കടന്നു. സൂയസിലും മെഡിറ്ററേനിയനിലും ചെങ്കടലിലുമായി കുടുങ്ങിയ 422 കപ്പലുകളാണ് നീങ്ങിത്തുടങ്ങിയത്.
മാർച്ച് 23ന് കാറ്റിലുലഞ്ഞ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കു കപ്പലായ എവർഗിവണിനെ ഒരാഴ്ച നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രക്ഷപ്പെടുത്തിയത്. തൊട്ടുപിറകെ കുടുങ്ങിക്കിടന്ന കപ്പലുകൾ യാത്ര തുടങ്ങിയെങ്കിലും കുരുക്ക് പൂർണമായി അവസാനിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച മാത്രം 85 കപ്പലുകൾ കനാൽ കടന്നപ്പോൾ ഇതിൽ 61 എണ്ണം കുടുങ്ങിക്കിടന്നവയായിരുന്നു. 400 മീറ്റർ നീളമുള്ള കപ്പൽ 200 മീറ്ററിലേറെ വീതിയുള്ള കനാലിനു കുറുകെ കുടുങ്ങിയത് ആഗോള ചരക്കുകടത്തിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ടൺ കണക്കിന് അവശ്യവസ്തുക്കളാണ് കപ്പലുകളിൽ കെട്ടികിടന്നത്. പ്രതിദിനം 900 കോടി ഡോളർ വരുന്ന ചരക്കു കടത്ത് സമ്പൂർണമായി മുടങ്ങി. കാറ്റ് മൂലം കപ്പൽ കുടുങ്ങുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ ഭാഷ്യം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുമെന്നാണ് വിവരം.
എവർഗിവൺ കുരുക്കിലാകുമോ?
422 കപ്പലുകളിലായി 2.6 കോടി ടൺ ചരക്കാണ് കെട്ടിക്കിടന്നിരുന്നത്. യാത്രയ്ക്ക് തടസ്സം നേരിട്ടതിനാൽ ചില ചരക്കുകൾക്ക് കേടുവരാൻ സാദ്ധ്യതയുണ്ട്. എവർഗിവണിന്റെ പിഴവ് മൂലമാണ് ഗതാഗത തടസ്സമുണ്ടായതെങ്കിൽ മറ്റു കപ്പലുകൾക്ക് ശതകോടികൾ നഷ്ടപരിഹാരമായി ആവശ്യപ്പെടാം.
അതേസമയം, നഷ്ടപരിഹാരം നൽകാതെ എവർഗിവണിനെ കനാൽ വിട്ടുപോകാൻ അനുവദിക്കില്ലെന്ന് ഈജിപ്ഷ്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എവർഗിവൺ കുടുങ്ങിയ സമയത്ത് കനാലിലുണ്ടായിരുന്ന മറ്റു കപ്പലുകളൊന്നും കാറ്റ് പ്രശ്നമായി പറഞ്ഞിരുന്നില്ല. കാറ്റ് പ്രതിരോധിക്കാൻ ചരക്കു കപ്പലുകളിൽ സംവിധാനവുമുണ്ട്.
മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാൽ യൂറോപ്പിനും ഏഷ്യക്കുമിടയിലെ പ്രധാന നാവിക വ്യാപാര പാതയാണ്. ആഫ്രിക്ക ചുറ്റിയുളള പാത 7,000 കിലോമീറ്റർ അധികം വരുമെന്നതിനാൽ പകരം സൂയസ് കനാലിനെയാണ് കപ്പലുകൾ പ്രധാനമായും ആശ്രയിക്കുന്നത്.