fb

വാഷിംഗ്​ടൺ: അറുപത് ലക്ഷം ഇന്ത്യക്കാരുൾപ്പെടെ 53.3 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിൽ നിന്ന് ചോർന്നതായി റിപ്പോർട്ട്. ഇസ്രയേലി സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്‌സൺ റോക്കിന്റെ സഹസ്ഥാപകൻ അലോൺ ഗാലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കയിലെ 3.2 കോടിയിലധികം അക്കൗണ്ടുകളും ബ്രിട്ടനിലെ 1.1 കോടിയും ഇന്ത്യയിലെ 60 ലക്ഷം പേരുടെ അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ട്. ഫോൺ നമ്പർ, ഫേസ്ബുക്ക് ഐ.ഡി, ജനന തീയതിയുൾപ്പെടെയുള്ള പൂർണമായ മേൽവിലാസമാണ് പരസ്യമായിരിക്കുന്നത്. ചില അക്കൗണ്ടുകളുടെ ഇ-മെയിൽ അഡ്രസും പരസ്യമായവയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിവരങ്ങൾ നേരത്തെ തന്നെ ചോർന്നതാണെന്നാണ് സൂചന. ചോർന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളിൽ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്കിലെ ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ നേരത്തെയും പുറത്ത് വന്നിരുന്നു. നേരത്തെ നിരവധി ഉപയോക്താക്കളുടെ വിവരങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ആക്സസ് ചെയ്തെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ ഫോൺ നമ്പർ ഉപയോഗിച്ചുള്ള സെർച്ച് ഓപ്ഷൻ ഫേസ്ബുക്ക് ഒഴിവാക്കിയിരുന്നു. അതേസമയം,​ ഹാക്കർ ചോർത്തിയ വിവരങ്ങൾ പഴക്കമുള്ളതാണെന്നും 2019ൽ പരിഹരിച്ച ഒരു പ്രശ്​നത്തിന്റെ ഭാഗമാണെന്നും ഫേസ്​ബുക്ക്​ വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ,​ വിവരങ്ങൾ ഹാക്കർ വഴി ചോർന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ഗാൽ മുന്നറിയിപ്പ്​ നൽകി.