അമ്മാൻ: ജോർദാനിൽ ഭരണകൂടത്തെ അട്ടിമറിയ്ക്കാൻ ശ്രമിച്ചെന്നാരോപിച്ച് മുൻ കിരീടാവകാശിയായ രാജകുമാരൻ ഉൾപ്പെടെയുള്ളവർ തടവിൽ. ജോർദാൻ ഭരണാധികാരിയായ അർദ്ധ സഹോദരൻ അബ്ദുള്ള രാജാവ് രണ്ടാമനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ ഹംസ ബിൻ ഹുസൈൻ രാജകുമാരൻ പങ്കാളിയായെന്നാരോപിച്ചാണ് അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കിയത്. 2004ൽ അബ്ദുല്ല അധികാരം ഏറ്റെടുത്തതോടെയാണു ഹംസയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായത്.
അമേരിക്കയുടെ സഖ്യരാജ്യമാണ് ജോർദാൻ. അന്തരിച്ച ഹുസൈൻ രാജാവിന്റെയും അമേരിക്കൻ വംശജയായ നാലാമത്തെ പത്നി നൂർ രാജ്ഞിയുടെയും മൂത്ത മകനായ ഹംസ രാജകുമാരനെ അമ്മാൻ പാലസിലാണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. രാജകൊട്ടാരത്തിൽ നിന്ന് പുറത്തു കടക്കാൻ ഇദ്ദേഹത്തിന് അനുവാദമില്ല. അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ഇരുപതോളം പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളി ഉയർത്തിയതിനാണ് രാജകുമാരനുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റുകൾക്കു സാദ്ധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഹംസയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി യാത്രകളും മറ്റും നിറുത്തിവയ്ക്കാൻ നിർദേശം നൽകുകയാണു ചെയ്തിട്ടുള്ളതെന്നും ജോർദാനിയൻ ആംഡ് ഫോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. അട്ടിമറി നീക്കത്തിനു വിദേശ സഹായം ലഭിച്ചെന്നും ഒരു വിഭാഗം ആരോപണമുന്നയിക്കുന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് സുപ്രധാന പങ്കാളിയായി നിലകൊള്ളുന്ന ജോർദാനിലെ സംഭവ വികാസങ്ങൾ ജോ ബൈഡൻ നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. രാജ്യത്തെ അഴിമതിക്കെതിരെ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നത്
ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. രാജ്യത്തെ അഴിമതിക്കെതിരെ സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനുള്ള നീക്കമാണു നടക്കുന്നത് .എനിക്കു പുറത്തേക്കു പോകാനാവില്ല. ജനങ്ങളെ കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ല. സർക്കാരിനും രാജാവിനും എതിരായി വിമർശനം ഉന്നയിക്കുന്നതാണു ഇതിനെല്ലാം കാരണം’–
ശനിയാഴ്ച പുറത്തുവിട്ട വിഡിയോയിൽ ഹംസ പറഞ്ഞത്