ഡെറാഡൂൺ: കഴിഞ്ഞ രണ്ടുദിവസമായി ഉത്തരാഖണ്ഡിൽ പടരുന്ന കാട്ടുതീയിൽപ്പെട്ട് നാലുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നിരവധി മൃഗങ്ങളും വെന്തുമരിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടർന്നുതുടങ്ങിയത്. സംസ്ഥാനത്തെ 62 ഹെക്ടർ വനഭൂമി അഗ്നിക്കിരയായി. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
12,000 ഗാർഡുകളും ഫയർ വാച്ചർമാരും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പറഞ്ഞു. ഹെലികോപ്ടറിന്റെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉത്തരാഖണ്ഡിൽ എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡ് സർക്കാരിന് ഹെലികോപ്ടറുകൾ കൈമാറുമെന്നും ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കാട്ടുതീയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചുചേർത്തു.
തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.