ipl

മുംബയ് : ആർ.സി.ബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ,ഡൽഹി ക്യാപിറ്റൽസിന്റെ അക്ഷർ പട്ടേൽ എന്നീ താരങ്ങൾക്കും മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാഫുകൾക്കും ഐ.പി.എൽ ഇവന്റ് മാനേജ്മെന്റ് സംഘത്തിലെ ജീവനക്കാർക്കും കൊവിഡ് ബാധിച്ചെങ്കിലും ഇക്കുറി ഐ.പി.എൽ തടസം കൂടാതെ നടത്താനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ള.മുംബയ്‌യിൽ നിന്ന് വേദി മാറ്റേണ്ട കാര്യമില്ലെന്നും ശുക്ള പറഞ്ഞു.

കഴിഞ്ഞ ദിവസം അക്ഷർ പട്ടേൽ പോസിറ്റീവായ വാർത്തയാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ സ്റ്റേഡിയത്തിലെ സ്റ്റാഫുകളുടെയും ദേവ്ദത്തിന്റെയും പരിശോധനാഫലം പുറത്തുവന്നു. കൊവിഡിന്റെ രണ്ടാം തരംഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായതോടെയാണ് ഐ.പി.എൽ വേദി മാറ്റുമോ എന്ന് ആശങ്കയുയർന്നത്. ചെന്നൈ സൂപ്പർ കിംഗ്സ്,ഡൽഹി ക്യാപിറ്റൽസ്,പഞ്ചാബ് കിംഗ്സ്,രാജസ്ഥാൻ റോയൽസ് എന്നീ നാലുടീമുകളാണ് മുംബയ്‌യിൽ ബയോ ബബിളിൽ ബേസ് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം 10 മുതൽ 25വരെയായി 10 മത്സരങ്ങളാണ് വാങ്കഡെയിൽ നിശ്ചയിച്ചിരിക്കുന്നത്.

ഹൈദരാബാദിൽ നടത്താമെന്ന് അസ്ഹറുദ്ദീൻ

മുംബയ്‌യിൽ കൊവിഡ് സാഹചര്യത്തിൽ ഐ.പി.എൽ മത്സരങ്ങൾ നടത്താൻ ബുദ്ധിമുട്ടാണെങ്കിൽ ഹൈദരാബാദ് വേദിയാവാൻ തയ്യാറാണെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീൻ അറിയിച്ചു. മുംബയ്‌യ്ക്ക് ബായ്ക്ക് അപ്പ് വേദിയായി ഹൈദരാബാദും ഇൻഡോറും പരിഗണിക്കുന്നുണ്ടെന്ന് ബി.സി.സി.ഐ നേരത്തേ സൂചന നൽകിയിരുന്നു.