വാഷിംഗ്ടൺ: അമേരിക്കയിൽ കാപിറ്റോൾ ബിൽഡിംഗിലെ ചെക്പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ യുവാവ് നേഷൻ ഒഫ് ഇസ്ലാം എന്ന സംഘടനയുടെ അനുയായി ആണെന്ന് പൊലീസ്. നോവ ഗ്രീൻ എന്നാണ് ഇയാളുടെ പേര്. ഇയാൾ ഫേസ്ബുക്കിൽ ഈ സംഘടനയുടെ നേതാക്കളായ ലൂയി ഫറാഖാന്റെയും എലൈജ മുഹമ്മദിന്റെയും പ്രഭാഷണങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ ഫറാ ഖാന്റെ അനുയായി ആണെന്ന് നോവ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാപ്പിറ്റോളിലെ സെനറ്റ് ഭാഗത്തെ റോഡിലെ ബാരിക്കേഡിലേക്കാണ് നോവ വെള്ളിയാഴ്ച കാർ ഇടിച്ചുകയറ്റിയത്. കാവൽ നിൽക്കുകയായിരുന്ന രണ്ട് പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വില്യം ഇവാൻസ് പിന്നീട് ആശുപത്രിയിൽ മരിച്ചു. കാറിൽനിന്ന് പുറത്തിറങ്ങിയ അക്രമി കത്തിയുമായി പൊലീസിനുനേരെ പാഞ്ഞടുത്തു. തുടർന്ന്, പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർത്തു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല