ആഴ്സനലിനെ 3-0ത്തിന് തോൽപ്പിച്ച് പ്രിമിയർ ലീഗിൽ അഞ്ചാമതേക്ക് ഉയർന്നു
ലണ്ടൻ : പുതിയ വർഷത്തിൽ തുടർ തോൽവികളും സമനിലകളുമായി ഏഴാമതേക്ക് കൂപ്പുകുത്തിയിരുന്ന നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഈസ്റ്റർ തലേന്ന് കരുത്തരായ ആഴ്സനലിനെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്ത് അഞ്ചാം സ്ഥാനത്തേക്ക് ഉയിർത്തെണീറ്റു.
ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.രണ്ടാം പകുതിയിലാണ് സന്ദർശകർ മൂന്ന് ഗോളുകളും നേടിയത്.64-ാം മിനിട്ടിലും 82-ാം മിനിട്ടിലും ഡീഗോ ജോട്ടയും 68-ാം മിനിട്ടിൽ മുഹമ്മദ് സലായുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.
ഈ വിജയത്തോടെ ലിവർപൂളിന് 30 മത്സരങ്ങളിൽ നിന്ന് 49 പോയിന്റായി. കഴിഞ്ഞ രാത്രി ലെസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച് 74 പോയിന്റിലെത്തിയ മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്. 29 കളികളിൽ നിന്ന് 57 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും 30 കളികളിൽ നിന്ന് 56 പോയിന്റുമായി ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്. വെസ്റ്റ് ബ്രോംവിച്ചിൽ നിന്ന് 2-5ന്റെ അട്ടിമറിത്തോൽവിയേറ്റുവാങ്ങിയ ചെൽസി 51 പോയിന്റുമായി നാലാമതായി.