ക്വലാലംപൂർ: ഒരു കഷ്ണം സവാള, മൂന്ന് വെളുത്തുള്ളി ഇതാണ് എന്റെ സുഹൃത്തിന്റെ ഉച്ച ഭക്ഷണം - മലേഷ്യൻ സ്വദേശിയായ അപിത് ലിഡ് തന്റെ സുഹൃത്തായ സെക്യൂരിറ്റി ഗാർഡിന്റെ ഉച്ചഭക്ഷണത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ എഴുതിയ ചെറു കുറിപ്പാണിത്. ഫോട്ടോയോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്റെ സുഹൃത്ത് കഠിനാധ്വാനിയാണ്. കിട്ടുന്ന പണമെല്ലാം അവൻ വീട്ടിലേക്ക് അയക്കും. പണം പാഴാക്കാതിരിക്കാനായാണ് അവൻ ഇത്തരത്തിലുള്ള ഭക്ഷണം കഴിയ്ക്കുന്നത്. അവൻ വളരെക്കുറച്ച് പണമേ കൈയ്യിൽ സൂക്ഷിക്കാറുള്ളൂ. ചിലപ്പോൾ ഞാനവന് ഭക്ഷണവും മറ്റും വാങ്ങി നൽകാറുണ്ട് - അപിത് കുറിയ്ക്കുന്നു. കുറിപ്പിന് താഴെ നിരവധി പേരാണ് വൈകാരികമായി പ്രതികരിച്ചിരിക്കുന്നത്.