real-sociedad

മാഡ്രിഡ്: 1987ന് ശേഷം ഒരു കിരീടം സ്വന്തമാക്കി സ്പാനിഷ് ക്ളബ് റയൽ സോസിഡാഡ്. 2020ലെ കോപ്പ ഡെൽ റേ കിരീടമാണ്(കിംഗ്സ് കപ്പ് ) സോസിഡാഡിനെത്തേടിയെത്തിയത്. കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ അത്‌ലറ്റിക്ക് ബിൽബാവോയെ കീഴടക്കിയാണ് മുപ്പതാണ്ടിന്റെ കിരീടവറുതിക്ക് അറുതി വരുത്തിയത്.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സോസിദാദിന്റെ ജയം.

അറുപത്തിമൂന്നാം മിനിട്ടിൽ ക്യാപ്ടൻ മിക്കെ ഒയാർസാബൽ പെനാൽറ്റി കിക്കിൽ നിന്നാണ് വിജയഗോൾ വലയിലാക്കിയത്. ഇനീഗോ മാർട്ടിനെസ് ബോക്‌സിൽ പോർട്ടുഗ്യുസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി പോസ്റ്റിന്റെ വലതുമൂലയിലേയ്ക്ക് പ്ലേസ് ചെയ്യുകയായിരുന്നു ഒയാർസാബൽ.

കൊവിഡ് തടസം സൃഷ്ടിച്ച 2020ലെ ഫൈനലിന് കാണികളെ അനുവദിക്കണമെന്ന ഇരു ടീമുകളുടെയും ആവശ്യത്തെ തുടർന്നാണ് ഫൈനൽ ഈ വർഷത്തേക്ക് മാറ്റിവച്ചത്. എന്നാൽ ഇക്കുറിയും സ്‌റ്റേഡിയത്തിലേയ്ക്ക് കാണികളെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം 17ന് 2021ലെ കോപ്പ ഡെൽ റേ ഫൈനലിൽ ബിൽബാവോ ബാഴ്‌സലോണയെ നേരിടുന്നുണ്ട്.