വാഷിംഗ്ടൺ: ദീർഘകാലം ബഹിരാകാശത്തു കഴിയുന്നത് ഹൃദയം ചുരുങ്ങാൻ കാരണമായേക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. ബഹിരാകാശത്തെ ഭാരമില്ലായ്മ ഹൃദയത്തിനേൽപിക്കുന്ന ആഘാതം കുറയ്ക്കാൻ വ്യായാമത്തിനും സാധിച്ചേക്കില്ല. വിരമിച്ച ബഹിരാകാശ സഞ്ചാരിയായ സ്‌കോട്ട് കെല്ലിയുടെ ആരോഗ്യ വിവരങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. സ്കോട്ട് ബഹിരാകാശ നിലയത്തിൽ ഒരു വർഷം താമസിച്ചിട്ടുണ്ട്.
സ്‌കോട്ടിൽ നിന്നു ശേഖരിച്ച ഡേറ്റ നീന്തൽ വിദഗ്ദ്ധനായ ബി.ലെക്കോംടെയുടെ ഡേറ്റയുയി താരതമ്യം ചെയ്തു. ദീർഘനേരം വെളളത്തിൽ കിടക്കുമ്പോഴും ബഹിരാകാശത്തേതിനു സമാനമായ ഭാരമില്ലായ്മ അനുഭവപ്പെടാറുണ്ട്. ഇരുവർക്കും ഹൃദയത്തിന്റെ ഇടത്തു ഭാഗത്ത് (ventricle) മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരും ആവശ്യത്തിന് വ്യായാമം നടത്തിയിട്ടുമുണ്ട്. ബഹിരാകാശത്തു നിലനിൽക്കുന്ന സൂക്ഷ്മ ഗുരുത്വാകർഷണം (Microgravity) മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പു ചെയ്യാൻ ഹൃദയത്തിന് അധികം പ്രയത്നിക്കേണ്ട. ഇത് പേശികൾ ചുരുങ്ങാൻ കാരണമാകുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ദീർഘകാലം ബഹിരാകാശ സഞ്ചാരം നടത്തുന്നവരിൽ ഇത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് കൂടാതെ, എല്ലുകളുടെ സാന്ദ്രത കുറയുന്നത് അവ പെട്ടെന്നു പൊട്ടാൻ കാരണമാകാം. ദീർ ഘകാല ബഹിരാകാശവാസം മൂലം മസിലുകളുടെ ശക്തിയും കുറഞ്ഞേക്കാം.
കെല്ലി 340 ദിവസമാണ് ബഹിരാകാശ നിലയത്തിൽ ചെലവിട്ടത്. അദ്ദേഹം ദിവസവും ഒന്നു രണ്ടു മണിക്കൂർ വ്യായാമം ചെയ്തിരുന്നു. കെല്ലിയുടെ ഹൃദത്തിന് ആഴ്ചയിൽ 0.74 ഗ്രാം വച്ച് ഭാരം നഷ്ടപ്പെട്ടു എന്നാണ് വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ വലുപ്പം 2 ഇഞ്ചിൽ നിന്ന് 1.8 ഇഞ്ചായി കുറഞ്ഞു. വ്യായാമമുറകളൊന്നും ഗുണം ചെയ്തതുമില്ല.
ബഹിരാകാശ സഞ്ചാരികൾക്ക് സംഭവിക്കുന്നത്
ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലാത്തതിൽ മസിലുകൾ കാര്യമായി പ്രവർത്തിക്കുന്നില്ല. ഇതിനു പകരമായി ധാരാളം വ്യായാമം ചെയ്ത് ഈ പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. എന്നാൽ, ഒരോ തവണയും ബഹിരാകാശ സഞ്ചാരി എഴുന്നേറ്റു നിൽക്കുമ്പോൾ രക്തം കാലുകളിലേക്ക് വലിഞ്ഞിറങ്ങുന്നു. ഭൂമിയുടെ ഗുരുത്വാകർഷണത്തിനെതിരെ പ്രവര്‍ത്തിച്ചാണ് ഹൃദയം രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇതുമൂലമാണ് ഹൃദയത്തിന്റെ വലുപ്പവും പ്രവർത്തനവും മാറ്റമില്ലാതെ തുടരുന്നത്. ദീർഘനേരം വ്യായാമം ചെയ്താൽ പോലും ഹൃദയത്തിന്റെ മസിലുകൾ ചുരുങ്ങുന്നത് കുറയുന്നില്ലെന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് പഠനത്തിന്റെ മുഖ്യ ഗവേഷകനും യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌സാസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലെ പ്രെഫസറുമായ ബെഞ്ചമിൽ ഡി. ലേവൈൻ പറഞ്ഞു.