ഗുവാഹത്തി: ഹോളി ആഘോഷത്തിനിടെ സഹപാഠിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഗുവാഹത്തി ഐ.ഐ.ടിയിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെയും ഐ.ഐ.ടി അധികൃതരുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.
ഗുജറാത്ത് സ്വദേശിയായ പെൺകുട്ടിയെ സഹപാഠിയായ വിദ്യാർത്ഥി പീഡിപ്പിച്ചെന്നാണ് ആരോപണം. മാർച്ച് 29ന് ഹോളി ആഘോഷത്തിനായി ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയ തനിക്ക് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയെന്നും അബോധാവസ്ഥയിലായതോടെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയെ പിന്നീട് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണസമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐ.ഐ.ടി അധികൃതരും പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.