gst

ചെന്നൈ: ഗിഫ്‌റ്റ് കാർഡുകളോ വൗച്ചറുകളോ ഉപയോഗിച്ച് ഉത്‌പന്നങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ ജി.എസ്.ടി ബാധകമാണെന്ന് അപ്പലേറ്റ് അതോറിറ്റി ഒഫ് അഡ്വാൻസ് റൂളിംഗിന്റെ (എ.എ.എ.ആർ) തമിഴ്‌നാട് ബെഞ്ച് വിധിച്ചു. ഗിഫ്‌റ്റ് കാർഡുകളും വൗച്ചറുകളും ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാനുള്ള ഉപാധി (ഇൻസ്‌ട്രുമെന്റ്) മാത്രമായതിനാൽ അവ നികുതിവിധേയമല്ല. എന്നാൽ, അവ ഉപയോഗിച്ച് പർച്ചേസിംഗ് നടക്കുമ്പോൾ, ഗിഫ്‌റ്റ് കാർഡോ വൗച്ചറോ സമ്മാനിച്ച (ഇഷ്യൂ) വ്യക്തിയോ സ്ഥാപനമോ നികുതി അടയ്ക്കണം. കാരണം, ഒരാൾ പണം നൽകുമ്പോഴാണ് ഗിഫ്‌റ്റ് കാർഡ്/വൗച്ചറുകൾ ഇഷ്യൂ ചെയ്യപ്പെടുന്നതെന്ന് എ.എ.എ.ആർ ചൂണ്ടിക്കാട്ടി.

ഗിഫ്‌റ്റ് കാർഡ്/വൗച്ചറുകൾക്ക് അവയുടെ സ്വഭാവത്തിന് അനുസരിച്ച് (പേപ്പർ/മാഗ്‌നെറ്റിക് സ്‌ട്രിപ്പ്) 12 ശതമാനം അല്ലെങ്കിൽ 18 ശതമാനം നികുതി ഈടാക്കണമെന്ന് തമിഴ്നാട്ടിലെ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ് (എ.എ.ആർ) വിധിച്ചിരുന്നു. ഇതിനെതിരെ കല്യാൺ ജുവലേഴ്‌സ് സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു എ.എ.എ.ആർ.