ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളുടെ ക്രിക്കറ്റ് കളി കാര്യമായി. അമ്പയർ ഔട്ട് വിധിച്ചിട്ടും പുറത്തുപോകാതെ നിന്നതിന്റെ പേരിൽ ഇരു വിഭാഗങ്ങളിലെ കളിക്കാർ തമ്മിലുണ്ടായ പ്രശ്നങ്ങൾക്കിടെ പതിനാലുകാരന്റെ ബാറ്റുകൊണ്ടുള്ള അടിയേറ്റ പതിനാറുകാരൻ മരിച്ചു.
യു.പിയിലെ സാലിഹ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് കുട്ടികൾ കളിക്കുന്നതിനിടെ എൽ.ബി.ഡബ്ല്യു വിധിച്ച അമ്പയറുടെ തീരുമാനം അനുസരിക്കാൻ കൂട്ടാക്കാതെ ക്രീസിൽ നിന്ന ബാറ്റ്സ്‌മാനോട് പുറത്തുപോകാൻ മറ്റുള്ളവർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതാണ് ഇരു ടീമുകളും തമ്മിൽ കൈയാങ്കളിയിലെത്തിച്ചത്. അടികൊണ്ട് അരിശം മൂത്ത ബാറ്റ്സ്‌മാൻ ബാറ്റുകൊണ്ട് കഴുത്തിന് തിരിച്ചടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.