
@ 32 ജവാന്മാർക്ക് പരിക്ക്, ഒരാളെ കാണാനില്ല
@ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
@ വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം കിട്ടി
റായ്‌പൂർ:ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ രണ്ടായിരം ജവാന്മാർ ഉൾപ്പെട്ട സംയുക്ത സേന നടത്തിയ മാവോയിസ്റ്റ് വേട്ടയ്‌ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ 22 ജവാന്മാർക്ക് വീരമൃത്യു. 32 ജവാന്മാർക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. ഇതുവരെ 17 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഇന്ന് തെരച്ചിൽ തുടരും. നാല് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഒരു വനിത ഉൾപ്പെടെ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ ജഡം കണ്ടെടുത്തിട്ടുണ്ട്. നിരവധി ആക്രമണങ്ങളിൽ പങ്കുള്ള മാവോയിസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയുടെ നേതൃത്വത്തിൽ നാനൂറോളം മാവോയിസ്റ്റുകളാണ് സേനയെ ആക്രമിച്ചത്.
വനത്തിൽ മാവോയിസ്റ്റുകൾ പരിശീലനം നടത്തുന്നതായും കമാൻഡർ മദ്‌വി ഹിദ്മയെക്കുറിച്ചും രഹസ്യവിവരം ലഭിച്ചതിനു പിന്നാലെ പത്തു ദിവസമായി പ്രദേശം നിരീക്ഷണത്തിലായിരുന്നു. അതേസമയം, രഹസ്യമെന്ന വ്യാജേന സേനയ്ക്ക് വിവരം നൽകി, ജവാന്മാരെ അടുത്തെത്തിച്ച ശേഷം മാവോയിസ്റ്റുകൾ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വീരമൃത്യു വരിച്ച ജവാന്മാരിൽ ഒരാളുടെ കൈയ്‌ക്ക് മാവോയിസ്റ്റുകളുടെ വെട്ടേറ്റിട്ടുണ്ട്.
ബീജാപൂർ, സുക്‌മ ജില്ലകളിലായി പടർന്നു കിടക്കുന്ന വനത്തിൽ അഞ്ചു സംഘങ്ങളായി തിരിഞ്ഞ് വെള്ളിയാഴ്ച രാത്രിയാണ്സേന തെരച്ചിൽ തുടങ്ങിയത്. ബീജാപൂരിലെ താരെം മേഖലയിലെ പട്രോളിംഗ് സംഘം ശനിയാഴ്‌ച ഉച്ചയോടെ ജോനഗുഡ വനത്തിലൂടെ നീങ്ങുമ്പോൾ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിലെ നാനൂറോളം അംഗങ്ങൾ മൂന്നു വശത്തു നിന്നും വളഞ്ഞ് യന്ത്രത്തോക്കുകളും ബോംബുകളും പ്രയോഗിക്കുകയായിരുന്നു. സേനയുടെ തിരിച്ചടിയിലാണ് മാവോയിസ്റ്രുകൾ കൊല്ലപ്പെട്ടത്. അഞ്ചു ജവാന്മാർ വീരമൃത്യു വരിച്ചെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകളെങ്കിലും, രക്ഷാദൗത്യത്തിനെത്തിയ പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ കൂടുതൽ ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രണ്ടു ഡസനിലധികം ആയുധങ്ങൾ മാവോയിസ്റ്റുകൾ മോഷ്ടിച്ചതായും റിപ്പോർട്ടുണ്ട്.
@സംയുക്ത സേന
സി. ആർ. പി. എഫ്, മവോയിസ്റ്റ് വേട്ടയിൽ പരിശീലനം ലഭിച്ച കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്‌ഷൻ), ജില്ലാ റിസർവ് ഗാർഡ്, പ്രത്യേക ദൗത്യ സേന എന്നിവയിലെ ഭടന്മാരാണ് തെരച്ചിൽ നടത്തിയത്.
രാഷ്ട്രപതി അനുശോചിച്ചു
ആക്രമണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ നടുക്കം രേഖപ്പെടുത്തി. ജവാന്മാരുടെ രക്തസാക്ഷിത്വം എക്കാലവും സ്മരണയിലുണ്ടാകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്സിംഗ് ബാഗെൽ പറഞ്ഞു.
മദ്‌വി ഹിദ്മ: മാവോയിസ്റ്റ്
ഭീകരതയുടെ മുഖം.
തലയ്‌ക്ക് 40 ലക്ഷം രൂപ പൊലീസ് ഇനാം. ഹിദ്മാലു എന്നും സന്തോഷ് എന്നും വിളിപ്പേരുകൾ. സുക്മ ജില്ലയിൽ ജനനം. പത്താംക്ലാസിനു ശേഷം മാവോയിസ്റ്റായി. ഗറില്ലാ പോരാട്ടത്തിൽ അഗ്രഗണ്യൻ. മൂന്ന് സുരക്ഷാ വലയങ്ങൾക്ക് നടുവിൽ കഴിയുന്ന കമാൻഡർ.