കൊച്ചി: രാജ്യത്തെ റബർ തോട്ടങ്ങളുടെ കണക്കെടുക്കാനുള്ള സെൻസസ് നടപടികൾക്ക് റബർ ബോർഡ് ഉടൻ തുടക്കമിടും. ഘട്ടംഘട്ടമായുള്ള വിവരശേഖരണത്തിലൂടെ സമ്പൂർണ ഡേറ്റാബേസ് തയ്യാറാക്കുകയാണ് ലക്ഷ്യം. റബർ കാർഷിക വിസ്തൃതി, റബർ മരങ്ങളുടെ പ്രായം, ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളുടെ വിവരങ്ങൾ, പുതിയ ഇനം വിളകളുടെ ഉപയോഗം, ഉത്‌പാദനത്തിൽ പുതിയ ഇനത്തിന്റെ പങ്ക്, ഉത്പാദനക്ഷമത എന്നിവ അറിയുകയും ലക്ഷ്യമാണ്.
രാജ്യത്ത് പ്രകൃതിദത്ത റബറിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കാനുള്ള റബർ ബോർഡിന്റെ നടപടികളുടെ ഭാഗമാണ് ഈ കണക്കെടുപ്പ്. പരീക്ഷണാടിസ്ഥാനത്തിലുള്ള സെൻസസ് കണ്ണൂർ, കോട്ടയം ജില്ലകളിൽ നടത്തും. അടുത്തഘട്ടത്തിലായിരിക്കും മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും സെൻസസ്. ഇന്ത്യയിലെ റബർ മേഖലയുടെ മുന്തിയപങ്കും കൈയാളുന്നത് ചെറുകിട കർഷകരാണ്. ഉത്‌പാദനത്തിൽ 92 ശതമാനവും കാർഷിക ഏരിയയിൽ 91 ശതമാനവും ഇവരുടെ പങ്കാണ്. 13.2 ലക്ഷത്തോളം ചെറുകിട റബർ കർഷകരാണുള്ളത്. ഇവർ 8.2 ലക്ഷം ഹെക്‌ടറിൽ കൃഷി ചെയ്യുന്നു.
എക്‌സ്‌റ്റൻഷൻ ഓഫീസർമാരുടെയും റബർ സഹകരണ സംഘങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സെൻസസ് സംഘടിപ്പിക്കുക. 1947ലെ റബർ നിയമത്തിലെ സെക്‌ഷൻ പത്ത് പ്രകാരം രാജ്യത്തെ റബർ തോട്ടങ്ങൾ രജിസ്‌ട്രേഷൻ നേടണമെന്ന് നിർബന്ധമാണ്. ഇവയുടെ ഡേറ്റാബേസ് റബർ ബോർഡ് സൂക്ഷിക്കണമെന്നും ചട്ടം പറയുന്നു.
പുതിയ തോട്ടങ്ങൾ കുറയുന്നു
ഇടക്കാലത്തെ റബർ വിലത്തകർച്ച മൂലം പുതിയ റബർ കൃഷിയുടെ എണ്ണം ഇടിയുന്നത് റബർ ബോർഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 2015-16ൽ 16,000 ഹെക്‌ടറിൽ പുതുതായി കൃഷി തുടങ്ങിയിരുന്നു. 2020-21ൽ പുതുകൃഷി 1,000 ഹെക്‌ടറിൽ മാത്രമാണ്. ഇതിന് പരിഹാരം കാണുക കൂടിയാണ് കണക്കെടുപ്പിലൂടെ ബോർഡ് ഉന്നമിടുന്നത്.