goods

ന്യൂഡൽഹി: കഴിഞ്ഞമാസം ഇന്ത്യയിൽ നിന്നുള്ള എൻജിനിയറിംഗ് ഉത്‌പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ കുതിപ്പ് 70.28 ശതമാനം. ഇന്ത്യയുടെ മൊത്തം വാണിജ്യാധിഷ്‌ഠിത കയറ്റുമതി വരുമാനം മാർച്ചിൽ 58.23 ശതമാനം മുന്നേറി 3,400 കോടി ഡോളറിൽ എത്തിയിരുന്നു. 2020 മാർച്ചിൽ വരുമാനം 2,149 കോടി ഡോളറായിരുന്നു. എക്കാലത്തെയും ഉയർന്ന പ്രതിമാസ വരുമാനമാണ് കഴിഞ്ഞമാസത്തേത് എന്ന പ്രത്യേകതയുമുണ്ട്.

വാക്‌സിൻ വിതരണവർ‌ദ്ധനയും കൊവിഡ് കേസുകളിലെ കുറവും സമ്പദ്‌വ്യവസ്ഥയെ ഉടൻ വളർച്ചയുടെ പാതയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞമാസം കയറ്റുമതി കുതിച്ചുയരാൻ സഹായകമായത്. ഉപഭോക്തൃ ഡിമാൻഡ് കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് ആഗോളതലത്തിൽ തിരിച്ചുവരുന്നതും കയറ്റുമതിക്ക് ഊ‌ർജമാകുന്നു. അതേസമയം, കയറ്റുമതിയിൽ ഉണർവുണ്ടായെങ്കിലും കൊവിഡിന്റെ രണ്ടാംതരംഗം എൻജിനിയറിംഗ് ഉത്‌പന്ന മേഖലയ്ക്കുമേൽ ആശങ്ക വിതയ്ക്കുന്നുണ്ട്.

എൻജിനിയറിംഗിന് പുറമേ ഇരുമ്പയിര്, ജെം ആൻഡ് ജുവലറി, മരുന്നുകൾ, ഇലക്‌ട്രോണിക് ഉത്‌പന്നങ്ങൾ എന്നിവയും കഴിഞ്ഞമാസം മികച്ച കയറ്റുമതിനേട്ടം കൊയ്‌തിരുന്നു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 25 ശതമാനമാണ് എൻജിനിയറിംഗ് മേഖലയുടെ പങ്ക്. 40 ലക്ഷത്തോളം പേർ തൊഴിലെടുക്കുന്ന മേഖലയാണിത്.