cm-pinarayi-vijayan

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തെ പ്രചാരണത്തിൽ അദ്ദേഹത്തെ അനുഗമിച്ചത് മലയാളത്തിലെ മികച്ച നടൻമാർ എന്ന പേരുനേടിയ ഇന്ദ്രൻസും ഹരിശ്രീ അശോകനുമായിരുന്നു. പിണറായിയുടെ റോഡ് ഷോയിൽ ആയിരുന്നു ഇരുവരും പങ്കെടുത്തത്. പിണറായി വിജയൻ സഞ്ചരിച്ച വാഹനത്തിന്റെ തൊട്ടുപുറകിൽ തന്നെ ഇരുവരുമുണ്ടായിരുന്നു.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും അദ്ദേഹത്തിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. എട്ട് കേന്ദ്രങ്ങളിലാണ് പിണറായിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിനായി നൂറുകണക്കിന് പേരാണ് റോഡിന്റെ ഇരുവശത്തും അണിനിരന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ജനങ്ങളോട് വോട്ടഭ്യർത്ഥിച്ച ശേഷമാണ് ഇന്ദ്രൻസും അശോകനും മടങ്ങിയത്.

indrans

ഇന്ദ്രൻസിന്റെ വാക്കുകൾ:

'എല്ലാവര്‍ക്കും ലാല്‍സലാം. നമുക്ക് മുമ്പ് ഒരുപാട് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, നമുക്ക് കേട്ടുകേള്‍വിയില്ലാത്ത ദുരന്തങ്ങളും മഹാമാരിയുമാണ് വന്നുപോയത്. അപ്പോഴൊക്കെ നമ്മള്‍ പകച്ചുനിന്നപ്പോള്‍, നമുക്ക് അന്നമുണ്ടോ വസ്ത്രമുണ്ടോ കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചയുമൊക്കെ ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ച ഒരു കാരണവര്‍ നമുക്കുണ്ടായിരുന്നു. ആ കാരണവര്‍ തുടരണം. ഈ കുടുംബം വളരെ അഭിവൃദ്ധിയോടെ മുന്നോട്ടുപോകണം.'

harishree-ashokan

ഹരിശ്രീ അശോകൻ പറഞ്ഞത്:

'പ്രളയവും കൊവിഡും നിപ്പയുമടക്കം എല്ലാ പ്രതിസന്ധികളുമുണ്ടായപ്പോഴും മക്കളെ കൈവെള്ളിയില്‍ ഒരുപോറലുപോലും ഏല്‍പിക്കാതെ, കേരളത്തെ കാത്തുസൂക്ഷിച്ച സഖാവ് പിണറായി വിജയന് തുടര്‍ഭരണം ഉറപ്പാണ്. ഈ പ്രകടനത്തില്‍ പങ്കെടുത്തപ്പോള്‍ത്തന്നെ വ്യക്തമായ രൂപം കിട്ടിയിട്ടുണ്ട്. ലൈവ് കണ്ട കൂട്ടുകാരന്‍ വിളിച്ചുപറഞ്ഞത് ജയിച്ചുകഴിഞ്ഞല്ലോ എന്നാണ്. അടുത്ത ഭരണം പത്തിരട്ടി നേട്ടത്തോടെയാണെന്ന് ഉറപ്പാണ്.'