വക്കം: പരസ്യപ്രചാരണത്തിന്റെ സമാപനത്തിനിടെ വക്കത്ത് എൽ.ഡി.എഫ് - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.15ഓടെയാണ് സംഭവം. നിരവധി വാഹനങ്ങളിലെത്തിയ എൽ.ഡി.എഫ് പ്രവർത്തകർ ബി.ജെ.പിയുടെ പ്രചാരണവാഹനം അടിച്ചുതകർക്കുകയും തടഞ്ഞപ്രവർത്തകരെ മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ സജിത്ത്, സുരേഷ് എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ.ഡി.എഫ് പ്രവർത്തകർ വക്കം ചന്തമുക്കിലെ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി വനിതാപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ബി.ജെ.പി ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സജി പൊലീസിൽ പരാതി നൽകി. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി. സുധീർ സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്തി.