കോട്ടയം: നടനും, സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ(70) അന്തരിച്ചു. ഇന്ന് പുലർച്ചെ വൈക്കത്തെ വീട്ടിൽവച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഉള്ളടക്കം,പവിത്രം, അഗ്നിദേവൻ, പുനരധിവാസം, കമ്മട്ടിപ്പാടം,എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. ഇവൻ മേഘരൂപൻ എന്ന സിനിമ സംവിധാനം ചെയ്തു.ചാർളി, കമ്മട്ടിപ്പാടം,നടൻ,അന്നയും റസൂലും,ബ്യൂട്ടിഫുൾ, അതിരൻ തുടങ്ങി അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. വൺ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
“മകുടി, പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം”തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു. നാടക രചനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. എംജി സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. സ്‌കൂൾ ഒഫ് ഡ്രാമയിലും അദ്ധ്യാപകനായിരുന്നു. ഭാര്യ: ശ്രീലത, മക്കൾ:ശ്രീകാന്ത്, പാർവതി