തിരുവനന്തപുരം: ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുഡ്ബൈ പറഞ്ഞ് ഇന്ന് നിശബ്‌ദ പ്രചാരണം. രാവിലെ മുതൽ സ്ഥാനാർത്ഥികളെല്ലാം വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ്. ചിലർ മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട വ്യക്തികളെ കണ്ട് വോട്ടുറപ്പിക്കുമ്പോൾ വീടുവിടാന്തരം ഓട്ട പ്രദക്ഷിണം നടത്തുകയാണ് മറ്റ് ചിലർ. മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമായ തിരഞ്ഞെടുപ്പിൽ ഇത്തവണ വീറും വാശിയും ഏറെയാണ്.
ജനക്ഷേമ പദ്ധതികൾക്കും വികസന തുടർച്ചക്കും വോട്ട് തേടുന്ന ഭരണ മുന്നണിയും അഴിമതി ആരോപണങ്ങൾ മുതൽ ഇരട്ടവോട്ട് വരെയുളള വിവാദ വിഷയങ്ങളുയർത്തി പ്രതിപക്ഷ മുന്നണികളും കളം നിറഞ്ഞ തിരഞ്ഞെടുപ്പിൽ നാളെ കേരളം ചരിത്ര വിധിയെഴുതുകയാണ്.
തുടർഭരണത്തിന് വോട്ട് തേടുന്ന എൽ.ഡി.എഫിനും സി.പി.എമ്മിനും രാജ്യത്താകെയുളള നിലനിൽപ്പിന്റെ കളം കൂടിയാവുകയാണ് കേരള രാഷ്ട്രീയം. ഭരണമാറ്റമെന്ന ചരിത്രം ഇത്തവണ ആവർത്തിച്ചില്ലെങ്കിൽ കോൺഗ്രസിനും യു.ഡി.എഫിനും ചെറുതല്ലാത്ത ക്ഷീണമാകും തിരഞ്ഞെടുപ്പ് ഫലം സമ്മാനിക്കുക. കേരളത്തിൽ സാന്നിദ്ധ്യം ഉറപ്പിക്കാനുളള അവസാനവട്ട ശ്രമമാണ് ബി.ജെ.പിയുടേത്.
കൊവിഡ് സാഹചര്യത്തിൽ കലാശക്കൊട്ടിന് കമ്മിഷന്റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്റെ അവസാനമണിക്കൂറുകൾ ആവേശകരമായാണ് സമാപിച്ചത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷൻമാരും ട്രാൻസ്ജെന്റർ വിഭാഗത്തിൽ 290 പേരും അടങ്ങുന്നതാണ് വോട്ടർ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുളളത്. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുളളത്. വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. പലയിടത്തും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഉദ്യോഗസ്ഥരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉളളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ. കൊവിഡ് സുരക്ഷാ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇത്തവണ ക്രമീകരിച്ചിട്ടുളളത്. പോളിംഗ് ഡ്യൂട്ടിയിലുളളവർക്ക് പുറമെ 80 വയസ് കഴിഞ്ഞവർ, ഭിന്ന ശേഷിക്കാർ, കൊവിഡ് ബാധിതർ, പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉളളവർ എന്നിവർക്കെല്ലാം പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിച്ച് വോട്ടിടാനുളള അവസരം ഒരുക്കിയിരുന്നു.
വോട്ടെടുപ്പ് ഡ്യൂട്ടിയിലുളള അവശ്യ സർവീസ് ജീവനക്കാർക്കും ഇത്തവണ തപാൽ വോട്ടിന് അവസരം കിട്ടി. കാഴ്ചയില്ലാത്തവർക്കുളള ബാലറ്റ് സൗകര്യവും ഇത്തവണ ബൂത്തുകളിൽ സജ്ജമാണ്. മാവോയിസ്റ്റ് ഭീഷണി ഉളളതായി കണ്ടെത്തിയ ഒമ്പത് മണ്ഡലങ്ങളിൽ വൈകിട്ട് ആറ് മണി വരെ മാത്രമായിരിക്കും പോളിംഗ് നടക്കുക. മാനന്തവാടി , സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട് , മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലായിരിക്കും ആറ് മണിവരെ മാത്രം പോളിംഗ്.