കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ ഉപേക്ഷിച്ച നിലയിൽ റഷ്യൻ നിർമ്മിത പിസ്റ്റളും അഞ്ച് തിരകളും കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ സംശയനിഴലിൽ വൃദ്ധനു പുറമെ നാലു പേർ കൂടി. സെക്യൂരിറ്റി ജീവനക്കാർ തോക്ക് കണ്ടെടുക്കും മുമ്പ് ഇവിടെ ഉണ്ടായിരുന്നവരാണ് നാലുപേരും. ഇവരെ ചോദ്യം ചെയ്തതായാണ് വിവരം. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ അർദ്ധരാത്രി ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വൃദ്ധന് സംഭവവുമായി ബന്ധമില്ലെന്നാണ് നിഗമനം. മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഈ 82കാരനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് മാളിന് മുന്നിലെ ട്രോളി പാർക്കിംഗ് ഏരിയയിൽ തുണിസഞ്ചിയിൽ പൊതിഞ്ഞ പിസ്റ്റൾ കണ്ടെത്തിയത്. 1964 മോഡൽ തോക്ക് ഉപയോഗശൂന്യമാണ്.
തോക്കിനും തിരകൾക്കുമൊപ്പം നാലു പ്രമുഖ സാമുദായിക, രാഷ്ട്രീയ നേതാക്കൾക്ക് ഇവ കൈമാറണമെന്ന കുറിപ്പുമുണ്ടായിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കത്തിലെങ്കിലും ഉള്ളടക്കം പൊലീസ് പുറത്തുവിട്ടിട്ടില്ല.
പൊലീസ് തേടുന്നത്
1.അതിസുരക്ഷയുള്ള മാളിൽ തോക്ക് ഉപേക്ഷിക്കാൻ കാരണം
2.കത്തിന് പിന്നിലെ ഉദ്ദേശ്യം
3.തോക്ക് എവിടെ നിന്ന് ലഭിച്ചു
4.പഴക്കമുള്ള തോക്കിലെ ഒരു വെടിയുണ്ട എവിടെ
അന്വേഷണ പ്രതിസന്ധി
1.വ്യക്തമല്ലാത്ത സി.സി ടിവി ദൃശ്യം
2. സംഭവ ദിവസം മാളിലെ തിരക്ക്
3. പൊലീസുകാരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി
'കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഏതാനും പേരെ സംശയിക്കുന്നുണ്ട്. വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാനാകില്ല. വൈകാതെ അറസ്റ്റുണ്ടാകും.
ഐശ്വര്യ ഡോംഗ്രെ
ഡി.സി.പി
കൊച്ചി