സെലിബ്രിറ്റികളിൽ നിന്നാണ് വീഗൻ എന്ന വാക്കിനെക്കുറിച്ച് സാധാരണക്കാർ അറിഞ്ഞു തുടങ്ങിയത്. പലരും അഭിമുഖങ്ങളിൽ വന്നു പറയാറുണ്ട് താൻ വീഗനാണെന്ന്. എന്നാൽ എന്താണ് ഈ വീഗൻ ജീവിതചര്യമെന്ന് അറിയാമോ? സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും ആണെന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. പല കാരണങ്ങൾ കൊണ്ട് വീഗൻ ആകുന്നവരുണ്ട്. ധാർമികത മുതൽ പരിസ്ഥിതി സ്നേഹം വരെ പലരെയും വീഗൻ ആക്കും. ചിലർ തങ്ങളുടെ ആരോഗ്യം മാത്രം ലക്ഷ്യം വച്ച് വീഗൻ ആകുന്നവരാണ്. ഇറച്ചി കഴിക്കുന്നതിന് ഇവർ എതിരൊന്നുമല്ല. എന്നാൽ സ്വന്തം ശരീരം സംരക്ഷിച്ചേ തീരൂവെന്നതാണ് അവരുടെ ചിന്ത. ഉദരത്തിന് പിടിക്കാത്തതൊന്നും ഇവർ കഴിക്കില്ല. നോൺവെജിനോട് പൂർണമായും അകലം സൂക്ഷിക്കുന്നവർ.
പാലും പാലുൽപ്പന്നങ്ങളും മുട്ടയും തേനും കമ്പിളിയും മറ്റ് തുകൽ ഉൽപന്നങ്ങളും ജന്തുജന്യമായ എല്ലാം ഉപേക്ഷിച്ച് സസ്യ ഭക്ഷണം മാത്രം കഴിച്ച്, സസ്യോൽപ്പന്നങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് വീഗനുകൾ. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴങ്ങൾ, കൂൺ, പച്ചക്കറികൾ, കിഴങ്ങു വർഗങ്ങൾ, ഇലക്കറികൾ, തേങ്ങാപ്പാൽ, സോയാ മിൽക്ക് എന്നിവയൊക്കെ ഇൾക്കൊള്ളുന്ന ഭക്ഷണ രീതികളാണ് വീഗനുകൾ പാലിക്കാറുള്ളത്. വീഗനുകളായി ജീവിക്കുന്നവർക്ക് ആരോഗ്യവും സൗന്ദര്യവും സന്തോഷവും ആത്മ വിശ്വാസവും പോസിറ്റീവ് എനർജിയും കൂടുതൽ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. മല്ലിക ഷെരാവത്ത്, കിരൺ റാവു, ഹേമ മാലിനി, പാർവതി എന്നിവരൊക്കെ വീഗനുകളായ സെലിബ്രിറ്റികളാണ്.
വീഗൻ രീതി പിന്തുടരാം
നിങ്ങൾ വീഗനാണെങ്കിൽ ഭക്ഷണത്തിലൂടെ ധാരാളം പോഷകങ്ങൾ ലഭിക്കും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം അണ്ടിപ്പരിപ്പ്, പയർ, പരിപ്പ് വർഗങ്ങളും കഴിക്കണം. സസ്യഭക്ഷണം മാത്രം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ലഭിക്കുമോ എന്ന് സംശയിക്കുന്നവരുണ്ട്. പ്രോട്ടീൻ, ജീവകം ബി 12, കാൽസ്യം , ചില ഫാറ്റി ആസിഡുകൾ ഇവയൊക്കെ എവിടെ നിന്ന് ലഭിക്കും ? ഇവയ്ക്കെല്ലാം പകരക്കാരൻ ഉണ്ട്. ഉദാഹരണത്തിന് അണ്ടിപ്പരിപ്പ് ഫാറ്റി ആസിഡുകളുടെയും സിങ്കിന്റെയും ഉറവിടമാണ്. പയർ വർഗങ്ങളിൽനിന്നും ബീൻസിൽ നിന്നും ജീവകം ബി 12 ഉം പ്രോട്ടീനും ലഭിക്കും. കാത്സ്യം ലഭിക്കാൻ പച്ചനിറത്തിലുള്ള ഇലക്കറികൾ കഴിച്ചാൽ മതി.
പ്രമേഹം കുറയ്ക്കാം: വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാദ്ധ്യത 50 മുതൽ 78 ശതമാനം കുറവാണെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സസ്യഭക്ഷണം ശീലമാക്കിയവർ മുഴുധാന്യങ്ങളും നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നത് കൊണ്ടാകാം രോഗസാദ്ധ്യത കുറയുന്നത്. ഇവ സാവധാനമേ വിഘടിക്കൂ. രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. ചോക്ലേറ്റ് മിഠായികൾ, മറ്റു റിഫൈൻഡ് ഫുഡ്സ് ഇവ ഒഴിവാക്കണം. കാരണം ഇവയിൽ മൃഗോത്പന്നങ്ങൾ ഉണ്ടാകാം.
വൃക്കത്തകരാറുകൾക്കുള്ള സാദ്ധ്യത കുറയും : ഇറച്ചി അധികം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. വീഗൻ ഡയറ്റ് പിന്തുടരുന്നവരിൽ വൃക്കത്തകരാറ് ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്. സസ്യ പ്രോട്ടീനുകൾ അവയവങ്ങളെ ആരോഗ്യമുള്ളതാക്കുന്നു; പ്രത്യേകിച്ച് കരളിനെയും വൃക്കയെയും.
അർബുദത്തെ അകറ്റി നിറുത്താം: തെറ്റായ ഭക്ഷണശീലങ്ങൾ അർബുദത്തിന് കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജീവിതശൈലി മാറ്റിയാൽത്തന്നെ രോഗസാദ്ധ്യത പകുതി കുറയും. വീഗൻ ഡയറ്റ് ശീലിക്കുന്നത് ഇതിനൊരു പരിഹാരമാണ്. പയർ വർഗങ്ങൾ കഴിച്ചാൽ വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദം വരാനുള്ള സാദ്ധ്യത 9 മുതൽ 18 ശതമാനം വരെ കുറയും. ഏതുതരം അർബുദസാദ്ധ്യതയും 15 ശതമാനം കുറയ്ക്കാൻ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. സോയ ഉത്പന്നങ്ങൾ ശീലമാക്കിയാൽ സ്തനാർബുദ സാദ്ധ്യത കുറയും.
പ്രോസസ് ചെയ്ത ഇറച്ചി, സ്മോക്ക്ഡ് മീറ്റ്, ഉയർന്ന താപനിലയിൽ വേവിച്ച ഇറച്ചി ഇവയെല്ലാം അർബുദത്തിന് കാരണമാകും. പാൽ ഉൽപന്നങ്ങളും പ്രോസ്റ്റേറ്റ് അർബുദത്തിന് കാരണമാകും. വീഗൻ ജീവിത രീതി പിന്തുടർന്നാൽ അർബുദ സാദ്ധ്യത കുറയ്ക്കാം.
സന്ധിവാതം അകറ്റാം : സന്ധിവാത ലക്ഷണങ്ങൾ കുറയ്ക്കാൻ വീഗൻ ഭക്ഷണരീതി സഹായിക്കും. സസ്യഭക്ഷണം ശീലമാക്കുമ്പോൾ നല്ല ബാക്ടീരിയയുടെ അളവ് കൂടും. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന ചീത്ത ബാക്ടീരിയയോട് പൊരുതാൻ സഹായിക്കും.
ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം: ഇറച്ചി അധികം കഴിക്കുന്നത് പൂരിത കൊഴുപ്പിന്റെ അളവു കൂട്ടും. ഇത് രക്തസമ്മർദം, കൊളസ്ട്രോൾ ഇവ കൂടാനും ഹൃദയത്തിനു കൂടുതൽ സമ്മർദം ഉണ്ടാകാനും കാരണമാകും. ധമനികളെ ബാധിക്കുകയും രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. വീഗൻ ഭക്ഷണരീതി പിന്തുടരുന്നവർ ഹൃദ്രോഗം മൂലം മരണമടയാനുള്ള സാദ്ധ്യത 42 ശതമാനം കുറവാണ്. രക്തസമ്മർദം ഉണ്ടാകാനുള്ള സാദ്ധ്യത 75 ശതമാനവും കുറവായിരിക്കും. മാത്രമല്ല, വീഗൻ ഭക്ഷണം കഴിക്കുന്നവർ ഹൃദയത്തിന് ആരോഗ്യമേകുന്ന മുഴു ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, പച്ചക്കറികൾ ഇവയാണ് കഴിക്കുന്നത്. ഇത് ഹൃദയപേശികളെ ആരോഗ്യമുള്ളതാക്കുന്നു.
ശരീരഭാരം കുറയ്ക്കാം: ശരീരഭാരം കൂടുതലാണെങ്കിൽ മൃഗ ഉത്പന്നങ്ങൾ കഴിവതും കുറച്ചോളൂ. കൊഴുപ്പും കാലറിയും കൂടുതൽ അടങ്ങിയതാണത്. ഇറച്ചി, പാലുൽപന്നങ്ങൾ ഇവയെല്ലാം ഒഴിവാക്കുന്നതാകും നല്ലത്. വീഗൻ ഭക്ഷണം ശീലമാക്കിയവർ പൊതുവേ മെലിഞ്ഞവരും ആയിരിക്കും. ( ഇതിന് അപവാദം ഉണ്ടാകാം ) സസ്യ ഭക്ഷണം കാലറി കുറഞ്ഞതാകയാൽ കൂടുതൽ കഴിക്കുകയും ആവാം.
ഫിറ്റ്നസ് മെച്ചപ്പെടുത്താം: ഇറച്ചിയും മീനും കഴിക്കുന്നവരെക്കാൾ മികച്ച ഫിറ്റ്നസ് വീഗനുകൾക്കാണ്. ഇവർക്ക് പരിക്കു പറ്റുന്നത് കുറവായിരിക്കും. കാരണം എല്ലുകളുടെയും കലകളുടെയും ബലക്ഷയം ഉണ്ടാക്കുന്ന ഒന്നും ഇവർ കഴിക്കുന്നില്ല എന്നത് തന്നെ. എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കണം.
കൊളസ്ട്രോൾ കുറയ്ക്കാം: മുട്ട, പാൽ, ഇറച്ചി ഇവയിൽ നിന്നെല്ലാമാണ് കൊളസ്ട്രോൾ ശരീരത്തിലെത്തുന്നത്. സസ്യ ഭക്ഷണത്തിൽ നിന്ന് കൊളസ്ട്രോൾ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ വെജിറ്റേറിയൻസിനെക്കാളും ഇറച്ചി കഴിക്കുന്നവരെക്കാളും കൊളസ്ട്രോൾ നില വീഗനുകൾക്ക് കുറവായിരിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ ബ്ലോക്ക് ഉണ്ടാക്കുകയും ഹൃദ്രോഗ സാദ്ധ്യത കൂട്ടുകയും ചെയ്യും. വീഗൻ ഡയറ്റ് ശീലമാക്കിയാൽ നല്ല കൊളസ്ട്രോൾ ഉണ്ടാവുകയും ആരോഗ്യമുള്ള ശരീരം സ്വന്തമാവുകയും ചെയ്യും.
നല്ല ഉറക്കത്തിന്: സസ്യാഹാരികൾ പൊതുവേ കൂടുതൽ നാരുകളുള്ള ഭക്ഷണവും കുറഞ്ഞ പൂരിത കൊഴുപ്പും കഴിക്കുന്നതിനാലാണിത്. ഒരു നല്ല രാത്രി ഉറക്കത്തിനുള്ള മികച്ച പാചകമാണിത് എന്ന് ഒരു പഠനം കണ്ടെത്തി. പ്ലാന്റ് അധിഷ്ഠിത ഭക്ഷണത്തിലൂടെ, നിങ്ങൾ കൂടുതൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കഴിക്കുകയും അത് സെറോടോണിന്റെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിനർത്ഥം ഉറങ്ങുന്നതിന് മുമ്പ് അരി, ഉരുളക്കിഴങ്ങ് തുടങ്ങിയ അന്നജം കഴിക്കുന്നത് മികച്ച ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുമെന്നാണ്.
ചർമ്മം ക്ലിയറാക്കുന്നു: നമ്മൾ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചർമ്മത്തെ നേരിട്ട് ബാധിക്കും. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ രീതി മുഖക്കുരുവിനെ മായ്ച്ചുകളയുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങൾ പാൽ കഴിക്കുന്നത് നിയന്ത്രിക്കുന്നതിലൂടെയും പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളായ കൂടുതൽ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും നിങ്ങൾ ചർമ്മത്തിന് ഗുണങ്ങൾ ചെയ്യും. സ്വാഭാവികമായും അടങ്ങിയിരിക്കുന്ന ഹോർമോണുകളും സ്റ്റിറോയിഡുകളും കാരണം ധാരാളം ഡയറി കഴിക്കുന്നത് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തോന്നുന്നു.
അപകടമെന്ന് പഠനം
വീഗൻ ഡയറ്റ് അപകടകരമാണെന്നാണ് യു.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിസിനിലെ ഗവേഷകർ പറയുന്നത്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമായ ഘടകമാണ് കോളിൻ. ശരീരത്തിൽ സ്വാഭാവികമായി ഇത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വളരെ ചെറിയ അളവിൽ മാത്രമായിരിക്കും ചിലരിലുണ്ടാവുക. ഇവർ ഭക്ഷണത്തിലൂടെ ഈ ഘടകം ആഗിരണം ചെയ്യുകയാണ് വേണ്ടത്. ഇല്ലെങ്കിൽ അത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
മൽസ്യം, മാംസം, പാലുത്പന്നങ്ങൾ എന്നിവയിലാണ് കോളിൻ ഘടകം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്. ശരീരത്തിന് വേണ്ട പ്രോട്ടീൻ പ്രദാനം ചെയ്യാനും ഈ ആഹാരങ്ങൾക്ക് സാധിക്കുന്നു. അതിനാൽ ഇവ ഉപേക്ഷിച്ചാൽ ശരീരത്തിന് വേണ്ട കോളിൻ എന്ന ഘടകം ലഭിക്കാതെ വരുകയും തുടർന്ന് ഇത് നിങ്ങളുടെ ചിന്താശക്തി, ഓർമശക്തി, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി, തലച്ചോറിന്റെ മറ്റ് വളർച്ച എന്നിവയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.