തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 'മാർക്സിസ്റ്റ്- ബി ജെ പി' രഹസ്യബന്ധം ആരോപിച്ച് യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. എൽ ഡി എഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി അറിയാതെയാണ് 'മാ-ബി' ബന്ധമെന്നും മുരളീധരൻ പറഞ്ഞു. നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ ബി ജെ പിക്ക് വോട്ട് മറിക്കും, പകരം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബി ജെ പി, സി പി എമ്മിനെ സഹായിക്കും. ഇതാണ് ധാരണയെന്നാണ് മുരളീധരന്റെ വെളിപ്പെടുത്തൽ.
ബൂത്ത് തലം മുതൽ കോൺഗ്രസിന്റെ പ്രവർത്തകർ ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രശംസ വലിയ പ്രചോദനമാണെന്നും മുരളീധരൻ പറഞ്ഞു.
നേമത്ത് മൂന്ന് മുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലത്തിൽ അവസാനനിമിഷം രാഹുൽ ഗാന്ധിയെത്തിയത് യു ഡി എഫ് പ്രവർത്തകർക്ക് ആവേശമായി മാറിയിരിക്കുകയാണ്. തങ്ങളുടെ പോക്കറ്റിലെ വോട്ടുകൾ ചോരാതെ നോക്കിയാൽ വിജയം സുനിശ്ചിതമെന്നാണ് സി പി എം കണക്കുകൂട്ടൽ. സംസ്ഥാനത്തെ ഒരേയൊരു സിറ്റിംഗ് സീറ്റ് എന്തുവില കൊടുത്തും നിലനിർത്തുകയാണ് ബി ജെ പി ലക്ഷ്യം.