murder-

തിരുവനന്തപുരം: കരമന തളിയിലിലെ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
വലിയശാല സ്വദേശി വൈശാഖാണ് (34) മരിച്ചത്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കരമനയിലെ പെൺവാണിഭ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്‌ക്രൂഡ്രൈവർ പോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുപതോളം കുത്തേറ്റപാടുകൾ ശരീരത്തിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. സംഭവം നടക്കുന്നതിന്റെ തലേദിവസം വൈശാഖും സുഹൃത്തുക്കളും ചേർന്ന് അപ്പാർട്ടമെന്റിൽ മുറിയെടുത്തിരുന്നു. തുടർന്ന് സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് കരുതുന്നത്.

രാത്രി രണ്ട് യുവതികൾ വൈശാഖിന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോയെന്ന് സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ രണ്ട് യുവതികളടക്കം അഞ്ചുപേർ കീഴടങ്ങിയതായാണ് വിവരം. നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത്, ഷീബ, കവിത എന്നിവരാണ് കീഴടങ്ങിയത്. യുവതികളിലൊരാൾ ബംഗളൂരു സ്വദേശിനിയെന്നാണ് വിവരം. പെൺവാണിഭ ത്തിനാണ് അപ്പാർട്ട്‌മെന്റിൽ വൈശാഖ് മുറിയെടുത്തതെന്ന് സമീപവാസികൾ ആരോപിക്കുന്നു. കരമനയിൽ പെൺവാണിഭ സംഘം സജീവമാകുന്നുണ്ടെങ്കിലും പൊലീസ് നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഈ സംഘത്തെപ്പറ്റിയുള്ള പരാതികൾ റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.

ഒരു മാസം മുൻപ് സംഘത്തിന്റെ സ്ഥിരം കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചെങ്കിലും കരമന സ്‌പെഷ്യൽ ബ്രാഞ്ചും പൊലീസും ആ റിപ്പോർട്ട് മേലദ്യോഗസ്ഥർക്ക് കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നും വിവരം തിരക്കിയിട്ടും കരമന പൊലീസ് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല. ധിക്കാരപൂർവമുള്ള മറുപടിയാണ് മാദ്ധ്യമപ്രവർത്തകർക്ക് ഇവിടെ നിന്നും ലഭിച്ചത്. പെൺവാണിഭ സംഘത്തിന്റെ അടക്കമുള്ള വിവരങ്ങൾ ഒളിച്ചുവയ്ക്കാൻ പൊലീസ് ശ്രമിച്ചുവെന്നും ആരോപണം ശക്തമാണ്.