റായ്‌പൂർ: ഒരു കിലോമീറ്റർ ചുറ്റളവിൽ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും മൊബൈൽ ജാമറുമായി 250 പേരുള്ള ആദ്യ സംഘം. പിന്നീട് 500 മീറ്റർ ചുറ്റളവിൽ മറ്റൊരു സംഘം. 200 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ സംഘവും അതുകഴിഞ്ഞ് നാലാമത്തെ സംഘവും. മാധ്‌വി ഹിദ്‌മ എന്ന കൊടുംക്രൂരനായ മാവോയിസ്‌റ്റ് തലവന്റെ അതിസുരക്ഷ സന്നാഹമാണിത്. ഹിദ്‌മയെ പിടിച്ചാൽ ഛത്തീസ്ഗഢിലെ മാവോയിസ്‌റ്റ് കോട്ട തകർന്നുവീഴുമെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ആക്രമണത്തിന് ഇറങ്ങിയത്. 22 വീര സൈനികരുടെ വീരമൃത്യുവായിരുന്നു ഫലം.
ഹിദ്‌മ എന്ന 'നരകാസുരൻ'
ഛത്തീസ്ഗഢ് കണ്ട ഏറ്റവും ക്രൂരനായ മാവോയിസ്‌റ്റ് നേതാവാണ് മാധ്‌വി ഹിദ്‌മ. മെലിഞ്ഞുണങ്ങിയ പ്രകൃതത്തോടു കൂടിയ വളരെ പഴയൊരു ചിത്രമല്ലാതെ, ഹിദ്‌മ ഇപ്പോൾ എങ്ങനെയിരിക്കുമെന്നുപോലും പൊലീസിനോ സൈനികർക്കോ അറിയില്ല. ഏകദേശം 53 വയസിനടുത്ത് ഇയാൾക്ക് പ്രായമുണ്ടാകുമെന്നാണ് സൂചന. 27ൽ 14 ജില്ലകളിലും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ പേടിസ്വപ്‌നമാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (പിഎൽജിഎ)യുടെ ഏരിയ കമാൻഡർ ആയ ഹിദ്‌മ.
ദണ്ഡകാരണ്യ ദളത്തിലെ അംഗമായിരുന്ന ഹിദ്മ പത്താംക്ലാസ് വരെയേ പഠിച്ചുള്ളൂവെങ്കിലും പിന്നീട് സ്വയം പഠനത്തിലൂടെ ഇംഗ്ലീഷിൽ പഠനം നേടി. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ഇയാൾ മാവോ സംഘത്തിലെത്തുന്നത്. 2013ൽ ആണ് മാവോയിസ്റ്റുകളുടെ കേന്ദ്ര സമിതിയിലെ ഏറ്റവും ചെറു പ്രായക്കാരനായ ഹിദ്മയുടെ ക്രൂരകൃത്യങ്ങൾ കേട്ടു തുടങ്ങിയത്. മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം 25 പേരെയാണ് ഹിദ്‌മ കൊലപ്പെടുത്തിയത്. പിന്നീട് 2017ൽ 24 സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നിലും ഹിദ്‌മ തന്നെ.
45 ലക്ഷമാണ് തലയ‌്ക്ക് വില
ഔദ്യോഗികമായി 26 ആക്രമങ്ങളുടെ ആസൂത്രകനായ ഹിദ്‌മയുടെ തലയ‌്ക്ക് സർക്കാറിട്ടിരിക്കുന്ന വില 45 ലക്ഷമാണ്. സുഖ്‌മ ജില്ലയിലെ ജഗർഗുണ്ട സ്വദേശിയായ ഇയാൾക്ക് ദേവ എന്ന മറ്റൊരു പേരു കൂടിയുണ്ട്. ഓരോ തവണ സൈന്യത്തിന് മുന്നിൽ പെടുമ്പോഴും ഹിദ്‌മ രക്ഷപ്പെടുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. നാല് തല സുരക്ഷയുള്ള ഇയാളുടെ സംഘാംഗങ്ങൾ പലപ്പോഴും സൈനികരെ കബളിപ്പിക്കും. കൃത്രിമ ഏറ്റുമുട്ടലോ, ചതിപ്രയോഗങ്ങളോ നടത്തും.
പൊലീസിന് വിവരം കൈമാറിയാൽ പിന്നെ തലകാണില്ല
തന്റെയോ സംഘാംഗങ്ങളുടെയോ എന്തെങ്കിലുമൊരു ചെറിയ വിവരമെങ്കിലും കൈമാറുന്നവരുടെ തല വെട്ടിയേക്കാനാണ് ഹിദ്‌മയുടെ ഉത്തരവ്. പൊലീസിന് വിവരം കൈമാറിയെന്ന സംശയത്തിൽ മോദിയാമി വിജ്ജ എന്ന ഡിവിഷൻ കമ്മിറ്റി അംഗത്തെ വെടിവച്ചു കൊന്നിരുന്നു. ആറ് മാസത്തിനിടെ 30 ഗ്രാമീണരെയാണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്.