മുംബയ്: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് വേഗം കൂടിയിരിക്കുകയാണ്. ആദ്യമായി ഒരുലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ ക്വാറന്റൈനിലായിരുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന വാർത്തയാണ് ബോളിവുഡിൽ നിന്നും വരുന്നത്. ശാരീരിക അസ്വാസ്‌ഥ്യമുളളതിനാൽ മുൻകരുതൽ നടപടി എന്ന നിലയിലാണ് അക്ഷയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. അവ ഫലിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഞാൻ സുഖമായിരിക്കുന്നു. എങ്കിലും രോഗത്തോടുളള മുൻകരുതൽ നടപടി എന്ന നിലയിൽ ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം ഞാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വൈകാതെ തന്നെ കാണാം.' അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.
ഇന്നലെയാണ് ട്വിറ്ററിലൂടെ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും വീട്ടിൽ ക്വാറന്റൈനിലാണെന്നും അദ്ദേഹം അറിയിച്ചത്. അക്ഷയ് നായകനായ രാം സേതു എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഭാഗമായ 100 ജൂനിയർ ആർട്ടിസ്‌റ്റുകളിൽ 45പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചിത്രത്തിൽ ഭാഗമായവരെല്ലാം ക്വാറന്റൈനിലായി. സൂര്യവംശി, അത്‌രംഗി രെ എന്നീ ചിത്രങ്ങളാണ് ഉടൻ റിലീസിനെത്തുക.
അക്ഷയ് കുമാറി കൂടാതെ ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, ഗോവിന്ദ, ആമീർ ഖാൻ എന്നിവർക്കും കഴിഞ്ഞ ആഴ്‌ചകളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.