തിരുവനന്തപുരം : കുത്തകമുതലാളിമാരുടെ പട്ടികയിൽ ഇടത് പക്ഷം ഇന്നും ഉയർത്തിക്കാട്ടുന്ന പേരാണ് അദാനിയുടേത്. കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നടപടികൾ അദാനിയെപോലെയുള്ള സമ്പന്നരെ സഹായിക്കാനാണെന്നാണ് ഇടതിന്റെ സ്ഥിരം ആരോപണം. ഇതിനിടയിലും കേരളം അദാനിയുടെ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതാണ് ഇപ്പോൾ ചർച്ചയാവുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കുന്നതിലടക്കം സംസ്ഥാന സർക്കാരും അദാനിയും കൊമ്പ് കോർത്തിരുന്നു. വൈദ്യുതിയുടെ കാര്യത്തിൽ ഈ ശത്രുത സർക്കാർ മറന്നു എന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന പ്രധാന ആരോപണം. എന്നാൽ ഈ വൈദ്യുത കരാറിൽ ആഴത്തിൽ പഠനം നടത്തിയാൽ ഇടപാടിന് സർക്കാർ പച്ചക്കൊടി കാട്ടിയത് എന്തുകൊണ്ടാണെന്ന് മനസിലാകും.
വൈദ്യുത കരാറിനെതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ
1.സർക്കാരിന്റെ അദാനി വിരോധം തട്ടിപ്പ്,
2.അദാനിക്ക് ആയിരം കോടിയുടെ ലാഭമുണ്ടാക്കാൻ വഴിവിട്ട് 2.82യൂണിറ്റ് നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി 25വർഷത്തേക്ക് വാങ്ങാൻ കരാറൊപ്പിട്ടു.
3.ജനങ്ങൾക്ക് വൈദ്യുതി ചാർജ്ജ് വർദ്ധനയിലൂടെ അധികഭാരം
4. പാരമ്പര്യേതര വൈദ്യുതി ബാധ്യതകൊണ്ടാണ് വാങ്ങിയതെങ്കിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് യൂണിറ്റിന്
ഒരു രൂപ നിരക്കിൽ വാങ്ങിയാൽ മതിയായിരുന്നു.
എന്നാൽ ഇതിൽ ആദ്യത്തേത് ഒഴിച്ച് ബാക്കിയുള്ള ആരോപണങ്ങൾ സാങ്കേതിക കാരണങ്ങളാൽ വസ്തുതയുമായി യോജിക്കുന്നതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അദാനി ഗ്രൂപ്പ് കമ്പനിയിൽ നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയത് വഴിവിട്ടാണെന്ന ആരോപണം ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ടു തരത്തിലുള്ള റിന്യൂവബിൾ എനർജി ബാധ്യതയാണുള്ളത്. സോളാറും സോളാർ അല്ലാത്തതും. കാറ്റാടി വൈദ്യുതി വാങ്ങുന്നത് നിർബന്ധമല്ലെന്ന് അർത്ഥം. കുറഞ്ഞനിരക്കിൽ സോളാർ വൈദ്യുതി കിട്ടുമെങ്കിൽ കാറ്റാടി വൈദ്യുതി വാങ്ങാതെ സോളാർ വൈദ്യുതി വാങ്ങി ബാധ്യത നിറവേറ്റാം. എന്നാൽ അദാനിയുടെ വൈദ്യുതി യൂണിറ്റി 2.82രൂപ ഏറ്റവും കുറഞ്ഞ നിരക്കാണ് അദാനിയുടെ കരാറുകളിൽ ഇതര കരാറുകളെപ്പോലെ ഫിക്സഡ് ചാർജില്ലെന്ന ആനുകൂല്യവുമുണ്ട്.
വൈദ്യുതി വാങ്ങൽ നിരക്കുകൾ യൂണറ്റിന്
ഇടുക്കി പോലുള്ള ജലവൈദ്യുതി പദ്ധതികൾ1രൂപ
കെ.എസ്.ഇ.ബി.യുടെ നേരിട്ടുള്ള ചെറുകിടപദ്ധതികൾ 1.50രൂപ
കൂടംകുളത്തുനിന്നുള്ള വൈദ്യുതി 4രൂപ
കേന്ദ്രഗ്രിഡിൽ നിന്നുള്ള വൈദ്യുതി 3.50രൂപ
ഹ്രസ്വകാല കരാർ 3രൂപ
കെ.എസ്.ഇ.ബി.സോളാർ വൈദ്യുതി 2രൂപ
പുരപ്പുറ സോളാർ വൈദ്യുതി 2.90രൂപ
ചെറുകിടസ്വകാര്യജലവൈദ്യുതി 5രൂപ
ദീർഘകാല അന്തർസംസ്ഥാനകരാർ വൈദ്യുതി 4.രൂപ മുതൽ 6.50വരെ
സംസ്ഥാനത്തെ വൈദ്യുതി സ്ഥിതി
ഉത്പാദനശേഷി 2224മെഗാവാട്ട്
ആവശ്യം 4316 മെഗാവാട്ട്
പ്രതിദിന ഉപഭോഗം 82.79ദശലക്ഷം യൂണിറ്റ്
പ്രതിദിന ലഭ്യത )ജലവൈദ്യുതി) 22.73 ദശലക്ഷം യൂണിറ്റ്,
പുറത്തു നിന്ന് 60.05ദശലക്ഷം യൂണിറ്റ്.