കാസർകോട്: മഞ്ചേശ്വരത്ത് സിപിഎം വോട്ട് തേടിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരെ സ്ഥാനാർത്ഥിയും ബിജെപി പ്രസിഡന്റുമായ കെ.സുരേന്ദ്രൻ രംഗത്തെത്തി. സിപിഎം വോട്ട് ചോദിച്ച മുല്ലപ്പളളിയോട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും ആത്മാവ് ഒരുകാലത്തും പൊറുക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
'മുല്ലപ്പളളിയുടെ നടപടി രക്തസാക്ഷികളായ കോൺഗ്രസ് കുടുംബങ്ങളോടുളള അവഹേളനമാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കും. ആശയ പാപ്പരത്വമാണിത്. പരാജയ ഭീതി പൂണ്ട രണ്ട് മുന്നണികളും പരസ്‌പരം സഹായം അഭ്യർത്ഥിക്കുകയാണ്. നേമത്തും മഞ്ചേശ്വരത്തും പാർട്ടി നേതാക്കൾ നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രതിയോഗികളുടെ പിന്തുണ അഭ്യർത്ഥിക്കുന്നു.' -സുരേന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ ഇന്നലെ വിമർശനം ഉന്നയിച്ച ശേഷം മുല്ലപ്പളളി രാമചന്ദ്രൻ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബിജെപി ജയിക്കാനാണ് സിപിഎം ഇങ്ങനെ ചെയ്‌തതെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മുല്ലപ്പളളിയുടെ വിമർശനം. എസ്‌ഡി.പി.ഐയുമായി 72 മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രാദേശിക നീക്കുപോക്കുണ്ടാക്കിയതായി ആരോപിച്ച മുല്ലപ്പളളി മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ നീക്കുപോക്കിന് തയ്യാറാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു.