കോഴിക്കോട്: വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന വടകരയിൽ കെ കെ രമയ്‌ക്കെതിരെ പരാതിയുമായി എൽ ഡി എഫ്. മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ കെ കെ രമയെ സന്ദർശിക്കുന്ന പഴയ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതായാണ് പരാതി. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് എൽ ഡി എഫ്.
നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് സമയത്ത് വി എസ് അച്യുതാനന്ദൻ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സന്ദർശിച്ചത് സി പി എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദർശനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് ആർ എം പി പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ചിത്രങ്ങൾ ഫ്ലക്‌സ് ബോർഡുകളായി മണ്ഡലത്തിന്റെ പലയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും ലഘുലേഖകളിൽ ചിത്രത്തിനൊപ്പം വിദ്വേഷ പരാമർശങ്ങളുണ്ടെന്നുമാണ് എൽ ഡി എഫ് പരാതി. ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ചിത്രങ്ങൾക്ക് ഒപ്പം കോഴിക്കോട്ടെ മുതിർന്ന സി പി എം നേതാവായിരുന്ന എം കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാൻ നിർദേശം നൽകിയതായും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.