central-force

ഇടുക്കി: അതിർത്തി കടന്ന് ഇരട്ടവോട്ട് ചെയ്യുന്നത് തടയാൻ ഇടുക്കി ജില്ലയിലെ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ചെക്‌പോസ്‌റ്റുകളിൽ കേന്ദ്ര സായുധ സേനയെ വിന്യസിച്ചു. ഇവർക്കൊപ്പം പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. കുമളി, ബോഡിമേട്ട്, കമ്പംമേട്ട്, ചിന്നാർ എന്നീ ചെക്‌പോസ്‌റ്റുകളിലാണ് സേനാ വിന്യാസം. തമിഴ്‌നാട്ടിൽ നിന്നും ഇരട്ടവോട്ട് ചെയ്യുന്നത് തടയാനാണീ നടപടികൾ. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള‌ളവർ ഇരു സംസ്ഥാന അതിർത്തിയിലുമുണ്ട്. ഇവർ നാളെ സംസ്ഥാനത്ത് കടന്നെത്തി വോട്ട് ചെയ്യാതിരിക്കാനാണ് കർശന പരിശോധനക്ക് വിധേയമാക്കും. വാഹനങ്ങളും പരിശോധിക്കും.

ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ഇരട്ടവോട്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇരട്ടവോട്ട് തടയാൻ അതിർത്തി പൂർണമായി അടയ്‌ക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇത് ഹൈക്കോടതി അനുവദിച്ചില്ല. സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാൽ കേന്ദ്രസേനയെ വിന്യസിച്ച് ഇരട്ടവോട്ട് തടയാൻ കർശന നിരീക്ഷണം നടത്താൻ കോടതി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള‌ളവർ അതിർ‌ത്തികടന്നെത്തി വോട്ട് ചെയ്യുമെന്ന പരാതി ഗൗരവകരമായതിനാൽ നാളെ അതിർത്തി കടന്നെത്തുന്നവർ പരിശോധന നടത്തുന്ന കേന്ദ്രസേനയോട് കൃത്യമായ യാത്രാ ലക്ഷ്യം വ്യക്തമാക്കിയാലേ കടത്തിവിടുകയുള‌ളൂ.