rafale-

ന്യൂഡൽഹി : ദശാബ്ദങ്ങൾക്കു ശേഷം ഇന്ത്യ വിദേശരാജ്യത്ത് നിന്നും പ്രതിരോധാവശ്യത്തിനായി നടത്തിയ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണ് റഫാൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയ കരാർ. യു പി എ സർക്കാരിന്റെ കാലത്ത് ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷനുമായി റഫാൽ വാങ്ങുന്നതിനെ സംബന്ധിച്ച് ചർച്ച ആരംഭിച്ചെങ്കിലും, കരാർ യാഥാർത്ഥ്യമാവുന്നത് നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെയാണ്. 2016ലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാർ ഒപ്പിടുന്നത്. എന്നാൽ ഈ കരാറൊപ്പിട്ടതിന് പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാരന് ഒരു മില്യൺ യൂറോ സമ്മാനമായി കമ്പനി നൽകി എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. മീഡിയപാർട്ട് എന്ന ഓൺലൈൻ മാദ്ധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ദസാൾട്ട് ഏവിയേഷന്റെ 2017 ലെ അക്കൗണ്ടുകളിൽ 'ക്ലയന്റുകൾക്ക് സമ്മാനങ്ങൾ' എന്ന തലക്കെട്ടിൽ 508,925 യൂറോ അടച്ചതായി ആരോപണമുയർന്നതിനെ തുടർന്നാണ് കൂടുതൽ അന്വേഷണങ്ങൾ ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി നടത്തിയത്. ഏജൻസ് ഫ്രാങ്കൈസ് ആന്റികറപ്ഷൻ (എ.എഫ്.എ) ഇതു സംബന്ധിച്ച മൂന്ന് റിപ്പോർട്ടുകൾ തയ്യാറാക്കി, ഇതിൽ ആദ്യത്തേതാണ് പുറത്ത് വന്നിട്ടുള്ളത്. മൂന്നാമത്തെ റിപ്പോർട്ടിൽ കൂടുതൽ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളുണ്ടെന്ന് അറിയുന്നു. കരാർ ഒപ്പിട്ടതിന് പിന്നാലെ വൻ തുക ഇന്ത്യയിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് ഫ്രഞ്ച് കമ്പനി നൽകുന്ന ന്യായം റഫാൽ ജെറ്റുകളുടെ 50 വലിയ മോഡലുകൾ നിർമ്മിക്കുവാൻ കൈമാറിയെന്നാണ്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ നൽകാൻ അവർക്കായിട്ടില്ലെന്ന് രഹസ്യ ഓഡിറ്റ് റിപ്പോർട്ട് ഉദ്ധരിച്ച് മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നു.


ഇന്ത്യയുമായുള്ള വിമാന പ്രതിരോധ ഇടപാടിൽ ക്രമക്കേടുകൾ ആരോപിച്ച് ഫ്രഞ്ച് പബ്ലിക് പ്രോസിക്യൂഷൻ സർവീസസിന്റെ സാമ്പത്തിക കുറ്റകൃത്യ ശാഖയായ പാർക്ക്വെറ്റ് നാഷണൽ ഫിനാൻസിയർ (പിഎൻഎഫ്) 2018 ഒക്ടോബറിൽ ഇടപാടുകളിലെ പൊരുത്തക്കേടുകളെ കുറിച്ച് നൽകിയ സൂചനയുമായി ഇപ്പോഴത്തെ ഓഡിറ്റ് റിപ്പോർട്ട് പൊരുത്തപ്പെടുന്നുമുണ്ട്. ഡെഫ്സിസ് സൊല്യൂഷൻസ് എന്ന ഇന്ത്യൻ കമ്പനിയുമായാണ് റഫാൽ ജെറ്റുകളുടെ 50 വലിയ മോഡലുകൾ നിർമ്മിക്കുവാൻ ഫ്രഞ്ച് കമ്പനി കരാറൊപ്പിട്ടതെന്നാണ് പറയുന്നത്. എന്നാൽ വലിയ തുക ഇതിനായി നൽകിയതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയിപ്പിക്കുന്നത്. അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ചോപ്പർ കേസിൽ ഇന്ത്യയിൽ അന്വേഷണം നേരിട്ട വിവാദ വ്യവസായിയായ സുഷെൻ ഗുപ്തയുമായി ബന്ധമുള്ളതാണ് ഡെഫ്സിസ് എന്നതും കൂട്ടിവായിക്കേണ്ടതാണ്. 2016 സെപ്തംബർ 23 ന് റാഫേൽ കരാർ തീർപ്പായയുടനെ വൻ തുക ഇന്ത്യയിലെ അതിന്റെ ഉപ കരാറുകാരിലൊരാളായ ഡെഫ്സിസ് സൊല്യൂഷന് നൽകാമെന്ന് ദസോൾട്ട് സമ്മതിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.


റഫാൽ ഇടപാട്
നരേന്ദ്ര മോദി സർക്കാർ ഫ്രാൻസുമായി മൊത്തം 36 യൂണിറ്റുകൾക്ക് കരാർ ഒപ്പിട്ട് നാല് വർഷത്തിന് ശേഷമാണ് റാഫേൽ ജെറ്റ് ഇടപാട് ഉണ്ടായത്. 36 ജെറ്റുകളും 2022 ഓടെ ഇന്ത്യയ്ക്ക് കൈമാറും എന്നായിരുന്നു കരാർ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ കരാർ ഒരു പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരുന്നു. കരാറിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരവധി തവണ ആരോപിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്ത ചടങ്ങിൽ ആദ്യത്തെ റഫാൽ യുദ്ധവിമാനം 2019 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്.