bhupesh-baghel

റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമത്തിൽ 22 ജവാന്മാര്‍ വിരമൃത്യു വരിച്ച സംഭവത്തില്‍ ഇന്റലിജന്‍സിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. അതേസമയം മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സിആർപിഎഫ് ക്യാമ്പുകള്‍ സ്ഥാപിച്ചതാണ് മാവോയിസ്റ്റുകളെ ചൊടിപ്പിച്ചത്. രണ്ടായിരത്തോളം സൈനികരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പാണ് പ്രദേശത്ത് സ്ഥാപിച്ചത്. ഇതിലൂടെ മാവോയിസ്റ്റുകളുടെ നീക്കങ്ങള്‍ മനസിലാക്കാന്‍ സൈനികര്‍ക്ക് സാധിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിന്നോട്ട് പോകില്ലെന്നും മാവോയിസ്റ്റുകൾക്കെതിരായ നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ റായ്പൂരിലെ രാംകൃഷ്ണ കെയര്‍ ആശുപത്രില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ന് സൈനികരെ സന്ദര്‍ശിക്കാന്‍ ഛത്തീസ്‌ഗഢില്‍ എത്തും. തുടര്‍ന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്യും. സംഭവത്തില്‍ രഹസ്യാന്വേഷണ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശനിയാഴ്ച ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. തട്ടിക്കൊണ്ടു പോയ ജവാന്മാരെ വധിച്ചശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തോക്കും ആയുധങ്ങളും ഷൂസും ഊരിയെടുത്താണ് മാവോയിസ്റ്റുകള്‍ പോയത്. കാണാതായ ഒരു ജവാനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ലെന്ന് സി.ആര്‍.പി.എഫ്. വൃത്തങ്ങള്‍ അറിയിച്ചു. ഒരു വനിതയടക്കം 12 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.