രാമഭദ്രനും ലക്ഷ്മണനും കുട്ടികളായിരിക്കുമ്പോൾത്തന്നെ ഗോവിന്ദൻ നായർ അവരെ ഗ്രന്ഥശാലയിൽ കൊണ്ടുപോകാറുണ്ടായിരുന്നു. ഗ്രാമോദ്ധാരണ ഗ്രന്ഥശാല ആദ്യമൊരു കടമുറിയിലാണ് തുടങ്ങിയത്. പിന്നീട് ഗോവിന്ദൻനായർ തന്നെ സംഭാവന ചെയ്ത മൂന്നു സെന്റിൽ സ്വന്തമായ കെട്ടിടമുണ്ടായി. അതിന്റെ ഉത്ഘാടനം കഴിഞ്ഞ വേളയിലാണ് മറ്റൊരു ദൗത്യവുമായി സാധുശീലൻ ആലിൻ ചുവട്ടിൽ നിന്ന് പോയത്. അതിനുശേഷമാണ് ഗോവിന്ദൻ നായർ വിവാഹിതനായത്. ഭർത്താവിന്റെ കുടുംബവിശേഷങ്ങൾ മുഴുവൻ മനസിലാക്കിയശേഷം ഈ മൂന്നു സെന്റ് ദാനത്തെ നവവധു വിശേഷിപ്പിച്ചത് മണ്ടത്തരം എന്ന വാക്കു കൊണ്ടാണ്. വിവാഹം കഴിഞ്ഞ അക്കാലഘട്ടത്തിൽ തന്നെ ഒരിക്കൽ വീട്ടിലെത്തിയ പദ്മാവതിയുടെ സഹോദരൻ പ്രഭാകരൻ ഗോവിന്ദൻ നായരോട് വീട്ടുകാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ആ മൂന്നു സെന്റ് തിരിച്ചെടുക്കാൻ വല്ല മാർഗവുമുണ്ടോ എന്നാരാഞ്ഞു. 'എനിക്കതുകൊണ്ട് ഒരു കാര്യവുമില്ല. എന്നാലും പറയണമല്ലോ,നമ്മുടെ ചോരയിൽ പിറന്നവർ അനുഭവിക്കേണ്ട വസ്തുവിൽ വല്ല അണ്ടനും അടകോടനുമൊക്കെ കയറിനിരങ്ങുന്നത് എങ്ങനെ സഹിക്കാൻ പറ്റും?" ഒരു നിമിഷം നിർത്തിയിട്ട് അയാൾ തുടർന്നു :'ഞങ്ങടെ വസ്തുവിൽ രണ്ടു സെന്റ് കുടികിടപ്പെന്നും പറഞ്ഞു രണ്ടലവലാതികൾക്ക് സർക്കാരെടുത്തുകൊടുത്തു. രായ്ക്കുരാമാനം ഇരുചെവിയറിയാതെ രണ്ടിനെയും നാടുകടത്തിവിട്ടു." അയാൾ പറഞ്ഞുനിർത്തിയപ്പോൾ ഗോവിന്ദൻ നായർ ഒറ്റ വാക്കേ പറഞ്ഞുള്ളൂ: 'കഷ്ടം!" അതുകേട്ട് പുച്ഛത്തോടെയും പരിഹാസത്തോടെയും പ്രഭാകരൻ അളിയനെ ഒന്ന് നോക്കി.
ഗ്രന്ഥശാലയുടെ വായനാമുറിയിൽ രണ്ടുമൂന്നു ദിനപ്പത്രങ്ങളും ചില വാരികകളും സൗജന്യമായിക്കിട്ടുന്ന ചില പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്ന മുറി കുറേക്കൂടി വിശാലമായിരുന്നു. അത് വൈകുന്നേരങ്ങളിൽ മാത്രമേ തുറന്നിരുന്നുള്ളൂ. പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നത് അപ്പുപിള്ള എന്ന വൃദ്ധനായിരുന്നു. ആൾ വളരെ കർശനക്കാരനായിരുന്നു. സമയത്തിന് പുസ്തകങ്ങൾ തിരിച്ചുകൊണ്ടുവരാത്തവരിൽ നിന്ന് പിഴയീടാക്കുന്നതിൽ ഒരു ദാക്ഷിണ്യവും അയാൾ കാണിച്ചിരുന്നില്ല.
ഗ്രന്ഥശാലയിൽ ഇടയ്ക്കിടെ പല വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റുകാർ ഒരുവശത്തും മറ്റുള്ളവർ മറുവശത്തുമായി തർക്കവിതർക്കങ്ങൾ പൊടിപൊടിച്ചിരുന്നു. കമ്യൂണിസ്റ്റുകാരും സ്കൂളദ്ധ്യാപകരുമായ വിക്രമൻ നമ്പൂതിരിയും സൈമണുമാണ് മിക്കപ്പോഴും ഈ സംവാദങ്ങളിൽ മേൽക്കോയ്മ നേടാറ്. ഗോവിന്ദൻ നായർക്ക് ഈ സംവാദങ്ങളിലൊന്നും വലിയ താല്പര്യമില്ലെങ്കിലും അയാൾ അതിലൊക്കെ സജീവമായി പങ്കെടുക്കുകയും മക്കളെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ആധ്യാത്മിക വിഷയങ്ങളിലുള്ള ലഘുപ്രഭാഷണങ്ങളിൽ അയാളെ വെല്ലാൻ അധികമാരുമുണ്ടായിരുന്നില്ല.
നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തുതന്നെ ലക്ഷ്മണൻ സ്കൂൾ വിട്ടു വരുമ്പോൾ ഗ്രന്ഥശാലയിൽ കയറാറുണ്ടായിരുന്നു. ദിനപ്പത്രങ്ങളും വാരികകളുമൊക്കെ വായിക്കും. കാര്യമായിട്ടൊന്നും മനസിലായില്ലെങ്കിലും അങ്ങനെ വായിക്കുന്നതിൽ അവന് പ്രത്യേകമായൊരു സന്തോഷം ലഭിച്ചിരുന്നു. അവൻ പത്രം മറിച്ചുനോക്കിയിരിക്കുന്നതു കാണുമ്പോൾ ഗ്രന്ഥശാലയിലുള്ള ആരെങ്കിലും അടുത്തിരിക്കുന്ന ആളോട് മുറുമുറുക്കും: ഇവൻ എന്തറിയാനാ ഇതൊക്കെ ഇങ്ങനെ വായിച്ചുകൂട്ടുന്നത്? അപ്പോൾ ആരെങ്കിലും അയാളെ ഓർമ്മിപ്പിക്കും: ഗോവിന്ദൻ നായരുടെ മോനാ...
ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ്. ലക്ഷ്മണൻ ഒരു ദിവസം വൈകുന്നേരം പുസ്തകമുറിയിലേക്ക് കയറിച്ചെന്നു. അലമാരകളിൽ പുസ്തകങ്ങൾ പരതി. ആരോ കൊണ്ടുകൊടുത്ത പുസ്തകം രജിസ്റ്ററിൽ വരവ് വച്ചുകൊണ്ടിരുന്ന അപ്പുപിള്ള കണ്ണടയ്ക്കു മുകളിലൂടെ ചുഴിഞ്ഞു നോക്കി.' ഏയ് ...ഏയ് .. നീ അവിടെ എന്ത് ചെയ്യുന്നു ?"
ലക്ഷ്മണൻ തിരിഞ്ഞുനോക്കി.' ഞാൻ പുസ്തകങ്ങൾ നോക്കുന്നു."കൂസലില്ലാതെ അവൻ മറുപടി പറഞ്ഞു.
' അങ്ങനെ നോക്കാൻ നിനക്കെന്തവകാശം? നീ മെമ്പറാണോ ?"
' മെമ്പറിനേ നോക്കാൻ പറ്റൂള്ളോ?"
' അതേ , അത്രേ പറ്റൂ."
ലക്ഷ്മണൻ നേരേ അപ്പുപിള്ളയുടെ അടുത്തേക്ക് ചെന്നു.
' എന്നാ എന്നെ മെമ്പറാക്ക് ."
അപ്പുപിള്ള അമ്പരന്നു നോക്കി. പുസ്തകം തിരിച്ചുകൊടുക്കാൻ വന്നയാളും അദ്ഭുതത്തോടെ കുട്ടിയെ നോക്കി.
'മെമ്പറാവാൻ പൈസയടയ്ക്കണം. പൈസയടച്ചാലും നിനക്ക് മെമ്പറാവാൻ പറ്റൂല. കാരണം, കുട്ടികൾക്ക് മെമ്പർഷിപ്പില്ല."
പുറത്തെ മുറിയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ഒരാൾ അകത്തേക്ക് നോക്കി ചോദിച്ചു: 'അപ്പുവണ്ണാ, നിങ്ങൾക്ക് ആളെ മനസിലായോ?"
' ആരായാലെന്ത്? എന്നാലും പറ."
' നമ്മുടെ ഗോവിന്ദൻ നായരദ്ദേഹത്തിന്റെ എളേ മോനാണ്."
അതുകേട്ടപ്പോൾ അപ്പുപിള്ളയുടെ മുഖത്തെ കാർക്കശ്യം മാറി.
' ആരായാലും നമ്മള് നിയമം പാലിക്കണ്ടേ ? പയ്യൻ ചെന്ന് അച്ഛനോട് ചോദിച്ചുനോക്ക്. അങ്ങേരും ഇതേ പറയൂള്ളൂ."
ലക്ഷ്മണൻ വിട്ടില്ല. അച്ഛനോടു പരാതി പറഞ്ഞു. അദ്ദേഹം അവന് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു.' ഹൈസ്കൂളിലെത്തിയാല് നിനക്ക് മെമ്പർഷിപ്പെടുക്കാം.അതുവരെ നീ ഇവിടെയുള്ള പുസ്തകങ്ങൾ വായിക്ക്."
' ഇവിടെയെന്താ ഒള്ളത്? രാമായണവും ഭാരതവുമൊക്കെയല്ലേ ഒള്ളൂ."
തന്റെ രണ്ടാമത്തെ മകൻ തന്നിഷ്ടക്കാരനാണെന്ന് ആ പിതാവിനറിയാം. എന്നാലും അവന്റെ സംഭാഷണത്തിലെ പുച്ഛം അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടില്ല.
' രാമായണവും ഭാരതവുമെല്ലാം മുഴുവനും നീ വായിച്ചിട്ടുണ്ടോ? ഈയിടെയല്ലേ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിവർത്തനം ചെയ്ത ' ഭാഷാഭാരതം ' മുഴുവൻ വാള്യങ്ങളും ഞാൻ ഇവിടെ വാങ്ങിക്കൊണ്ടുവന്നത്? നിന്റെ ചേട്ടൻ ഒരു നിഷ്ഠപോലെ അതുമുഴുവൻ വായിച്ചുതീർത്തില്ലേ? നീയത് കൈകൊണ്ട് തൊട്ടിട്ടുണ്ടോ? ഇവിടെ എത്രയെത്ര മഹാതമാക്കളുടെ ജീവചരിത്രങ്ങളിരിക്കുന്നു! അതൊക്കെയല്ലേ കുട്ടികള് വായിക്കേണ്ടത്?"
' ചേട്ടന് അതൊക്കെ മതിയായിരിക്കും. എനിക്കതൊന്നും ഒരു രസമില്ല."
ഗോവിന്ദൻ നായർ മകനെ അസ്വസ്ഥതയോടെ നോക്കി.' രസിക്കാൻ മാത്രമാണോ പുസ്തകം വായിക്കുന്നത്?" അയാൾ മകനോട് ചോദിച്ചു. അവന് മറുപടിയുണ്ടായില്ല.
എന്തായാലും ഗ്രന്ഥശാലയിൽ ഗോവിന്ദൻ നായർ ഒരേർപ്പാടുണ്ടാക്കി. ഹൈസ്കൂളിലെത്തുന്നതുവരെ അവനു പ്രത്യേകം അംഗത്വം കൊടുക്കണ്ട. തന്റെ മെമ്പർഷിപ്പുപയോഗിച്ചു അവൻ പുസ്തകങ്ങളെടുത്തോട്ടെ. പൂർണതൃപ്തിയുണ്ടായില്ലെങ്കിലും ലക്ഷ്മണൻ തൽക്കാലം ഒതുങ്ങിക്കൊടുത്തു.
ലക്ഷ്മണൻ പതിവായി പുസ്തകങ്ങളെടുത്തു കൊണ്ട് വരുന്നത് ഗോവിന്ദൻ നായർ ശ്രദ്ധിച്ചിരുന്നു. അയാൾക്കതിൽ നിഗൂഢമായ ഒരു സന്തോഷം തോന്നാതിരുന്നില്ല. നല്ല വായനക്കാരനാവുകയാണല്ലോ തന്റെ പുത്രൻ .പുസ്തകങ്ങൾ അവൻ അതിവേഗം വായിച്ചുതീർക്കുകയും മടക്കി നൽകുകയും ചെയ്യുന്നുണ്ടെന്ന കാര്യവും അയാൾ ശ്രദ്ധിച്ചു. ഒരിക്കൽ ഗ്രന്ഥശാലയിൽ വച്ച് അപ്പുപിള്ളയും അയാളോടത് പറഞ്ഞു.' മുതിർന്നവരെക്കാളും വേഗത്തിൽ മകൻ പുസ്തകങ്ങൾ തിരിച്ചു കൊണ്ട് വരുന്നുണ്ട്. ശരിക്കും അവനതു വായിക്കുന്നുണ്ടോ?"
ഇടയ്ക്കിടെ ഗോവിന്ദൻ നായർ അവൻ വായിക്കുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കും. പ്രസിദ്ധരായ പൈങ്കിളി നോവലിസ്റ്റുകളുടെ കൃതികളും ഡിറ്റക്ടീവ് നോവലുകളുമൊക്കെയാണ് അവന്റെ വായനാദ്രവ്യങ്ങൾ. ആദ്യം കണ്ട പുസ്തകങ്ങൾ ' ഇണക്കിളികളും, പൊട്ടക്കിണറ്റിലെ ഭൂത" വുമായിരുന്നു. വലിയ എഴുത്തുകാർ പോലും തുടക്കത്തിൽ ഇത്തരം പുസ്തകങ്ങളാണല്ലോ വായിക്കാറുള്ളതെന്ന് ഗോവിന്ദൻ നായർ സമാധാനിച്ചു.
ഹൈസ്കൂളിലെത്തിയപ്പോൾ ലക്ഷ്മണൻ സ്വന്തം പേരിൽ അംഗത്വമെടുത്തു. ലക്ഷ്മണന്റെ വായനയിൽ വരുന്ന മാറ്റങ്ങളും ഗോവിന്ദൻ നായരുടെ ശ്രദ്ധയിൽപ്പെട്ടു. ബഷീറും തകഴിയും കേശവദേവുമൊക്കെയാണ് ഇപ്പോഴവന് കൊണ്ടുവരുന്ന പുസ്തകങ്ങളുടെ കർത്താക്കൾ. ഗോവിന്ദൻ നായർ കഥയും നോവലുമൊന്നും വായിക്കുന്ന ആളല്ല. അതുകൊണ്ടുതന്നെ അവരെപ്പറ്റിയൊന്നും കൂടുതലറിവില്ല. രാമഭദ്രനോട് അവരെപ്പറ്റി അയാൾ അന്വേഷിച്ചു. അവരൊക്കെ വലിയ എഴുത്തുകാർ തന്നെയെന്നായിരുന്നു അവന്റെ മറുപടി. പക്ഷേ , കവിത വായിക്കാനാണവനിഷ്ടം. ചങ്ങമ്പുഴയുടെയും പി.കുഞ്ഞിരാമൻ നായരുടേയുമൊക്കെ കവിതകൾ താൻ വായിക്കാറുണ്ടെന്നവൻ പറഞ്ഞു. മക്കൾക്ക് സാഹിത്യത്തിൽ സാമാന്യവിവരമുണ്ടെന്നു മനസിലാക്കിയ ഗോവിന്ദൻ നായർ പിന്നീട് പുസ്തകപരിശോധന നടത്താനൊരുമ്പെട്ടില്ല.
ഒരിക്കൽ ലക്ഷ്മണൻ ഒരു പുസ്തകമെടുത്ത് രജിസ്റ്ററിൽ പതിക്കാൻ കൊടുത്തപ്പോൾ ലേശം കശപിശയുണ്ടായി. പുസ്തകത്തിന്റെ പേര് വായിച്ച അപ്പുപിള്ള നീ ഇത്തരം പുസ്തകങ്ങളാണോ വായിക്കുന്നതെന്ന് അവനോട് അരിശപ്പെട്ടു. ഇവ കുട്ടികൾക്ക് വായിക്കാൻ കൊടുക്കാൻ പറ്റില്ലെന്നു അയാൾ പറഞ്ഞു.' എന്തുകൊണ്ട് " എന്ന് അവൻ ചോദിച്ചു.'എന്താടാ പുസ്തകത്തിന്റെ പേര്?" അപ്പുപിള്ള എതിർചോദ്യമെറിഞ്ഞു.
' അഞ്ചു ചീത്തക്കഥകൾ." കൂസലില്ലാതെ ലക്ഷ്മണൻ മറുപടി കൊടുത്തു.
' ചീത്തക്കഥകളാണോ കുട്ടികൾ വായിക്കേണ്ടത്?"
' പിന്നെന്തിനാണ് പുസ്തകം ഗ്രന്ഥശാലയിൽ വാങ്ങിയത്?"
' മുതിർന്നവർക്ക് വായിക്കാൻ ..."
' കുട്ടികൾക്ക് മെമ്പർഷിപ്പില്ലല്ലോ."
അപ്പുപിള്ളയ്ക്ക് അരിശം വന്നു.
' നീയപ്പോ കുട്ടിയല്ലേ?"
' അല്ല. ഞാൻ മെമ്പറാണ് ."
അവർ തമ്മിലുള്ള സംഭാഷണം പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിക്രമൻ നമ്പൂതിരി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാൾ അപ്പുപിള്ളയുടെ അടുത്തേക്ക് ചെന്നു.
'സാറിതു കണ്ടോ? ഒരു സ്കൂൾ കുട്ടി വായിക്കാനെടുത്ത പുസ്തകമാണ്."
അപ്പുപിള്ള ' അഞ്ചു ചീത്തക്കഥകൾ" ഉയർത്തിക്കാണിച്ചു. വിക്രമൻ നമ്പൂതിരി പുസ്തകം വാങ്ങി മറിച്ചുനോക്കി.
' ഇതിനെന്താ കുഴപ്പം? ഇതിലെഴുതിയിരിക്കുന്നതാരാന്നു നോക്ക്. തകഴിയും ദേവും പൊൻകുന്നം വർക്കിയുമൊക്കെയല്ലേ?"
' ആരെഴുതിയാലും ചീത്ത ചീത്ത തന്നെയല്ലേ?"
വിക്രമൻ നമ്പൂതിരിക്ക് അപ്പുപിള്ളയുടെ ആ കമന്റ് തീരെ രസിച്ചില്ല.
'ചീത്ത വായിച്ചിട്ടുവേണം ചീത്ത എന്തെന്ന് തിരിച്ചറിയാൻ. അല്ലാതെ അവർക്കുവേണ്ടി മുതിർന്നവർ തീരുമാനമെടുക്കുന്നത് ശരിയല്ല."
പിന്നെ കുറേക്കാലത്തേക്ക് അപ്പുപിള്ള ഈ സംഭവം ഓർത്ത് പറയുമായിരുന്നു. ഒടുവിൽ ഒരു കമന്റും ചേർക്കും: ഇത്തരം അദ്ധ്യാപകർ പഠിപ്പിച്ചാൽ പിള്ളേര് എങ്ങനെ വഷളാവാതിരിക്കും?
ഗ്രാമോദ്ധാരണ ഗ്രന്ഥശാലയിൽ വച്ചുനടന്ന അടുത്ത സാഹിത്യസമാജം പരിപാടിയിൽ വിഷയം ഇതായിരുന്നു: വായനയിൽ കുട്ടികൾക്ക് നിയന്ത്രണം ആവശ്യമാണോ? ചർച്ചയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും നിയന്ത്രണം ആവശ്യമാണെന്നും ഇല്ലെങ്കിൽ അവർ വഴി തെറ്റിപ്പോകുമെന്നുമാണ് അഭിപ്രായപ്പെട്ടത്. വിക്രമൻ നമ്പൂതിരിയും ലക്ഷ്മണനുമാണ് വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത്. അവരുടെ വാക്കുകൾക്കായിരുന്നു കൂടുതൽ മൂർച്ച. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം.
ചർച്ചയിൽ രാമഭദ്രനും പങ്കെടുത്തിരുന്നു. സ്വന്തമായി തിരഞ്ഞെടുക്കാൻ കഴിവ് ലഭിക്കും മുൻപ് കുട്ടികൾക്ക് മാർഗദർശനം ആവശ്യമാണെന്നായിരുന്നു അവന്റെ അഭിപ്രായം. ലക്ഷ്മണൻ പറഞ്ഞ ഒരു കാര്യം , പക്ഷേ , അവന്റെ മനസിൽ അസ്വസ്ഥതയുളവാക്കി. രാമഭദ്രന് മാത്രമല്ല, അവിടെ കൂടിയിരുന്ന മറ്റു പലർക്കും അതത്രയ്ക്ക് പിടിച്ചില്ല. ലക്ഷ്മണൻ പറഞ്ഞത് ഇങ്ങനെയായിരുന്നു : ' അച്ഛൻ എടുത്തുതരുന്ന പുസ്തകങ്ങളും വായിച്ചു കഴിഞ്ഞിരുന്നെങ്കിൽ എനിക്കിത്ര വളരാൻ സാധിക്കുമായിരുന്നില്ല."
'എത്ര വളർന്നെന്നാണ് അവൻ പറയുന്നത്?" അടുത്ത ദിവസം ചിലർ ഗോവിന്ദൻ നായരോട് ചോദിച്ചു:' ഒൻപതാം ക്ലാസ് വരെ വളർന്നു. തന്നിഷ്ടം പറഞ്ഞാൽ അത് വളർച്ചയാവുമോ?"
(തുടരും)