ന്യൂഡൽഹി: നമ്പി നാരായണനെതിരായ ഐ എസ് ആർ ഒ ചാരക്കേസിലെ അന്വേഷണ സമിതി റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തളളി. ഡി കെ ജയിൻ സമിതിയുടെ റിപ്പോർട്ട് നാളെ പരിഗണിക്കണം എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ഡി കെ ജയിൻ സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ആവശ്യപ്പെട്ടത്. എന്നാൽ ഒരാഴ്‌ച കഴിഞ്ഞ് കേസ് പരിഗണിച്ചാൽ പോരെ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് റിപ്പോർട്ട് പരിഗണിക്കുന്നത് അടുത്ത ആഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
കേരളത്തിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്നാണ് ഡി കെ ജയിൻ സമിതിയെ കോടതി അന്വേഷണത്തിനായി നിയോഗിച്ചത്.