pakistan

കേപ്ടൗൺ: പാകിസ്ഥാനെ രണ്ടാം ഏകദിനത്തിൽ 17 റൺസിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാക്കി. സ്‌കോർ: ദക്ഷിണാഫ്രിക്ക 50 ഓവറിൽ ആറിന് 341. പാകിസ്ഥാൻ 50 ഓവറിൽ ഒൻപത് വിക്കറ്റിന് 324.

92 റൺസെടുത്ത നായകൻ ടെംപ ബൗമ, 80 റൺസെടുത്ത ക്വിന്റൺ ഡികോക്ക്, 60 റൺസ് നേടിയ വാൻ ഡെർ ഡ്യൂസൻ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ ആളിക്കത്തിയ ഡേവിഡ് മില്ലർ 27 പന്തുകളിൽ നിന്നും 50 റൺസെടുത്ത് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ഫഖാർ സമാൻ 155 പന്തുകളിൽ നിന്നും 18 ഫോറുകളുടെയും 10 സിക്‌സുകളുടെയും അകമ്പടിയോടെ 193 റൺസടിച്ചു. മറ്റാരും പിന്തുണയ്ക്കാനില്ലായിരുന്നു.

അത് വേണ്ടിയിരുന്നില്ല,ഡി കോക്കേ

ഫഖാർ സമാന് അർഹിച്ച ഇരട്ട സെഞ്ചുറിയാണ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൗശലത്തിനെതിരെ മുൻ പാക് താരങ്ങൾ വിമർശനമുയർത്തി. 50-ാം ഓവറിൽ രണ്ടാം റൺസിനായി ഫഖാർ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടിയെത്തുമ്പോൾ ഫീൽഡർ എയ്ഡൻ മാർക്രമിനോട് നോൺസ്ട്രൈക്കേഴ്സ് എൻഡിലേക്ക് എറിയാൻ ഡി കോക്ക് കൈചൂണ്ടി നിർദ്ദേശം നൽകി. ഇത് കണ്ട് ഫഖാർ തന്റെ ഓട്ടത്തിന്റെ വേഗത കുറച്ചു. പക്ഷേ ഇത് അവസരമാക്കിയ മാർക്രം ഡയറക്ട് ത്രോയിലൂടെ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റമ്പ് തെറുപ്പിച്ച് ഫഖാറിനെ റൺഔട്ടാക്കി.ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിപ്പിക്കാൻ മനപ്പൂർവ്വം ശ്രമിച്ചതിന് ഡികോക്കിനെതിരെ നടപടിയെടുക്കണമെന്ന് മുൻ പാക് താരങ്ങൾ ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.