market-

മുംബയ്: രണ്ടാംഘട്ട കൊവിഡ് വ്യാപനം ഓഹരി വിപണിയെ ബാധിച്ചു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടം ആയിരത്തിലേറെ പോയിന്റായി. രണ്ടര ശതമാനത്തിലേറെയാണ് സൂചികകള്‍ക്ക് നഷ്ടമായത്. സെന്‍സെക്സ് 1240 പോയിന്റ് താഴ്ന്ന് 48,776ലും നിഫ്റ്റി 348 പോയിന്റ് നഷ്ടത്തില്‍ 14,518ലുമെത്തി. ഞായറാഴ്ച 1.03 ലക്ഷം കൊവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തതാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്. പ്രതിദിന രോഗവര്‍ദ്ധനയില്‍ ഇപ്പോള്‍ ഇന്ത്യയാണ് മുന്നില്‍.

300 പോയിന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.3ശതമാനവും താഴ്ന്നു. ബാങ്കിംഗ്-ധനകാര്യ മേഖല, എഫ്എംസിജി, ഓട്ടോ തുടങ്ങിയ മേഖലകളില്‍ ഓഹരി വിറ്റഴിക്കല്‍ വ്യാപകമാണ്.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ് എന്നിവയുടെ ഓഹരികള്‍ മാത്രമാണ് സെന്‍സെക്സില്‍ ഇതുവരെ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടത്തിലായത്. ടെക്മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി, റിലയന്‍സ്, മാരുതി സുസുകി, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലേക്ക് പോകുന്നത്. ആര്‍ബിഐയുടെ വായ്പനയ പ്രഖ്യാപനവും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതിനിര്‍ണയിക്കും.