ന്യൂഡൽഹി: പി ഡി പി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും പരാമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‍ഡെ. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
2014ൽ ജാമ്യം ലഭിച്ച ശേഷം ഒരു പരാതി പോലുമില്ലെന്ന് മഅദ്‌നിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. കേരളത്തിൽ പോകാൻ സുപ്രീംകോടതി തന്നെ രണ്ട് തവണ അനുമതി നൽകിയതും ചൂണ്ടിക്കാട്ടി.
മഅദ്‌നിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്‌ജി ആയിരുന്ന കാലയളവിൽ താൻ പരിഗണിച്ചിരുന്നോ എന്ന സംശയം ബോബ്‌ഡെയ്‌ക്കൊപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി അടുത്തയാഴ്‌ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. മഅദ്നിക്ക് വേണ്ടി ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.