ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എംപി എ.എം ആരിഫ്. പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മൽസരിച്ചാൽ മതിയെന്നുമായിരുന്നു ആരിഫിന്റെ പരിഹാസം. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു ആരിഫ് വിവാദപരാമർശം നടത്തിയത്.
'പ്രാരാബ്‌ധമാണ് ഇവിടെ മാനദണ്ഡമെങ്കിൽ അത് പറയണം. അല്ലാതെ പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മത്സരിച്ചാൽ മതി'- ഇതായിരുന്നു എഎം ആരിഫിന്റെ വാക്കുകൾ.
അതേസമയം, എ.എം ആരിഫിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളി വർഗപാർട്ടിയുടെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന ആരിഫ്, തന്നെമാത്രമല്ല നാട്ടിൽ അദ്ധ്വാനിക്കുന്ന മറ്റ് തൊഴിലാളികളെ കൂടിയാണ് അവഹേളിച്ചതെന്ന് അരിത പറഞ്ഞു.
പിതാവ് അസുഖബാധിതനായതിനെ തുടർന്നാണ് അരിത ബാബു പശുവളർത്തലും പാൽ വിതരണവും ഏറ്റെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ അരിത ബാബു. സിറ്റിംഗ് എംഎൽഎ യു പ്രതിഭയാണ് അരിതയുടെ എതിരാളി.