ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്‌പകൾക്ക് പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭവനവായ്‌പ നിരക്ക് 6.95 ശതമാനമായാണ് പരിഷ്‌കരിച്ചത്. മുമ്പ് നിരക്ക് 6.70 ശതമാനം ആയിരുന്നു.
പലിശ നിരക്ക് വർദ്ധിപ്പിച്ചതിനൊപ്പം എല്ലാ ഭവന വായ്‌പകൾക്കും പ്രോസസിംഗ് ഫീസ് ഉൾപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഭവന വായ്‌പ നിരക്കിന്റെ 0.40 ശതമാനവും ജി എസ് ടി നിരക്കായി കുറഞ്ഞത് 10,000 രൂപയും പരമാവധി നിരക്കായി 30,000 രൂപയും ഈടാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. എസ് ബി ഐ പലിശനിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്ന് മറ്റ് വാണിജ്യ ബാങ്കുകളും നിരക്ക് വർദ്ധിപ്പിച്ചേക്കാമെന്നാണ് വിവരം.
എസ് ബി ഐ കഴിഞ്ഞ മാസം മാർച്ച് 31 വരെ ഭവനവായ്‌പയ്‌ക്ക് പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നു. ഭവനവായ്‌പകൾക്ക് ഏകീകൃത പ്രോസസിംഗ് ഫീസും ബാങ്ക് ഈടാക്കും. ഇത് വായ്‌പാ തുകയുടെ 0.40 ശതമാനവും ജി എസ് ടിയും ആയിരിക്കും.