മുംബയ്: തനിക്കെതിരായ അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്‌മുഖ്. മന്ത്രിക്കെതിരെ മുംബയ് മുൻ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ് നടത്തിയ അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 15 ദിവസങ്ങൾക്കകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്.
പരം ബീർ സിംഗ് മുഖ്യമന്ത്രിക്ക് നൽകിയ, അനിൽ ദേശ്മുഖിനെതിരെ അഴിമതി ആരോപണങ്ങളടങ്ങിയ പരാതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ഒരുകൂട്ടം ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി.എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ആഭ്യന്തരമന്ത്രിയായതിനാൽ അനിൽ ദേശ്മുഖിനെതിരെ സംസ്ഥാന പൊലീസിന് സ്വതന്ത്രമായ അന്വേഷണം നടത്താനാകില്ലെന്ന് ബെഞ്ച് വിലയിരുത്തി. പൊലീസിലെ നിയമനങ്ങളിലും ട്രാൻസ്ഫറുകളിലും ഉണ്ടായ അഴിമതിയും അന്വേഷിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച ഹർജികളിൽ ആവശ്യമുണ്ട്. മുൻപെങ്ങുമുണ്ടാകാത്തതും അസാധാരണവുമായ തരത്തിലുളള ഒരു കേസാണിതെന്നും ഡിവിഷൻ ബെഞ്ച് വെളിപ്പെടുത്തി.
മുകേഷ് അംബാനിയുടെ വീടിന് സമീപത്തെ വ്യാജ ബോംബ് ഭീഷണി കേസിൽ സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയോട് അനിൽ ദേശ്മുഖ് മാസം 100 കോടി രൂപ പിരിച്ച് കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് പരം ബീർ സിംഗിന്റെ ആരോപണം. ഇതിൽ 40 മുതൽ 50 കോടി വരെ ബാറുകളിലും റെസ്‌റ്റോറന്റുകളിലും നിന്നുമാണ് കൊണ്ടുവരേണ്ടത്. സംഭവത്തിൽ അനിൽ ദേശ്മുഖിനെതിരെ പരം ബീർ സിംഗിന് പുറമേ അഭിഭാഷകരായ ജയശ്രീ പാട്ടീൽ, ഘനശ്യാം ഉപാദ്ധ്യായ്, പ്രൊഫസർ മോഹൻ ഭിഡെ എന്നിവരാണ് ഹർജി നൽകിയത്.
എന്നാൽ സംഭവത്തിൽ അനിൽ ദേശ്മുഖിനെ പിന്തുണക്കുന്ന തരം നിലപാടാണ് മഹാരാഷ്ട്രാ സർക്കാർ കോടതിയിൽ സ്വീകരിച്ചത്. പരം ബീർ സിംഗിന് സ്വാർത്ഥ താൽപര്യങ്ങളുണ്ടെന്നും സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ പ്രതികാരമാണ് മന്ത്രിക്കെതിരായ ഹർജിയെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. സംഭവം അന്വേഷിക്കാൻ റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കൈലാഷ് ചണ്ടിവാളിനെ ജുഡീഷ്യൽ കമ്മീഷനായി ഉദ്ദവ് താക്കറെ സർക്കാർ നിയമിച്ചിട്ടുണ്ട്.