hid

റായ്‌പൂർ:ഛത്തീസ്ഗ‌ഢിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായ മദ്‌‌വി ഹിദ്‌മയുടെ പേര് വീണ്ടും വാർത്തകളിൽ നിറയുന്നത് കഴിഞ്ഞ ദിവസം ബസ്തർ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സംയുക്ത തെരച്ചിൽ സേനയ്ക്കു നേരെ നടത്തിയ ആക്രമണത്തിലൂടെ. 23 ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിനു പിന്നിലുണ്ടായിരുന്നത് ഹിദ്മയുടെ ആസൂത്രണം തന്നെ.

ഹിദ്മയുടെ തലയ്‌ക്ക് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഇനാം 40 ലക്ഷം രൂപ! ലഭ്യമായ ഒരേയൊരു ചിത്രത്തിൽ തനി 'പയ്യൻ ലുക്ക്' ആണെങ്കിലും ബസ്തർ മേഖലയിലെ മുരിയ ഗോത്ര വർഗക്കാരനായ മദ്‌വി ഹിദ്‌മയ്ക്ക് 38 വയസ്സുണ്ട്. സുക്മ ജില്ലയിലെ പുവാർത്തി ഗ്രാമത്തിൽ ജനനം. പത്താംക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഹിദ്‌മ ഇംഗ്ളീഷ് പഠിച്ചത് സ്വന്തം നിലയ്ക്ക്. സംഘാംഗങ്ങൾ ഹിദ്മയെ വിളിക്കുന്നത് ഹിദ്മാലു,​ ഹിദ്മണ്ണ,​ സന്തോഷ് എന്നീ പേരുകളിൽ.

വിവിധ ഗോത്ര ഭാഷകൾക്കു പുറമേ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളും അറിയാം. തൊണ്ണൂറുകളുടെ അവസാനം മാവോയിസ്റ്റായി. ഗറില്ലാ പോരാട്ടത്തിൽ അഗ്രഗണ്യൻ. ഫിലിപ്പൈൻസിൽ ഗറില്ലാ യുദ്ധമുറകളിൽ പരിശീലനം. മാവോയിസ്റ്റ് സേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ ഒന്നാം ബറ്റാലിയന്റെ കമാൻഡർ. സേനയിൽ 250 പോരാളികൾ. സുക്‌മ,​ ബീജാപൂർ,​ ദണ്ഡേവാദ മേഖലകളുടെ ചുമതലയുള്ള ദണ്ഡകാരണ്യ ദളത്തിലെ (സ്‌പെഷ്യൽ സോൺ കമ്മിറ്റി)​ പ്രധാന അംഗമാണ് മദ്‌വി ഹിദ്മ.

2019ൽ സി.പി.ഐ മാവോയിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിൽ അംഗമായി. 21 അംഗ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മിഷന്റെ മേധാവിയും ഹിദ്മയാണെന്ന് റിപ്പോർട്ടുണ്ട്.

മൂന്ന് സുരക്ഷാ വലയം

നൂറുകണക്കിന് കമാൻഡോകളുടെ മൂന്ന് സുരക്ഷാ വലയങ്ങൾക്കു നടുവിലാണ് ഹിദ്മ കഴിയുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും മൊബൈൽ ജാമറുകളുമായി 250 കമാൻഡോകളാണ് ആദ്യ വലയം. അതിനുള്ളിലായി 500 മീറ്റർ,​ 200 മീറ്റർ ചുറ്റളവുകളിലായാണ് മറ്റു രണ്ട് സുരക്ഷാ വലയങ്ങൾ.

ഇലപൊഴിയും, ചോര ചൊരിയും

എല്ലാ വർഷവും ജനുവരി മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്താണ് ഹിദ്മ ആക്രമണങ്ങൾ നടത്തുന്നത്. തന്ത്രപരമായ പ്രത്യാക്രമണം എന്നാണ് മാവോയിസ്റ്റ് ഭാഷ്യം. വനത്തിൽ ഇലപൊഴിയും കാലമായതിനാൽ വളരെ ദൂരെ വരെ കാഴ്ച സാദ്ധ്യമാണ്. U ആകൃതിയിലാണ് പോരാളികളെ വിന്യസിക്കുന്നത്. മൂന്നു വശത്തു നിന്നും ആക്രമിക്കാം. തെറ്റായ വിവരങ്ങൾ നൽകി ജവാന്മാരെ ഇതിനു നടുവിലേക്ക് എത്തിച്ച് ആക്രമിക്കുകയാണ് തന്ത്രം.

നോട്ടപ്പുള്ളി

2010ൽ ദണ്ഡേവാദയിൽ 76 സി.ആർ.പി ഭടന്മാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ആക്രമണത്തോടെയാണ് ഹിദ്മ സുരക്ഷാ സേനയുടെ നോട്ടപ്പുള്ളിയായത്. 2012ൽ സുക്‌മ ജില്ലാ കളക്ടർ അലക്സ് പോൾ മേനോനെ തട്ടിക്കൊണ്ടു പോയതിന്റെയും 2013ൽ ജീരം താഴ്‌വരയിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 31 പേരെ വധിച്ച ആക്രമണത്തിന്റെയും കഴിഞ്ഞ മാർച്ചിൽ സുക്മ ജില്ലയിൽ 25 സി.ആർ.പി ഭടന്മാരെ വധിച്ചതിന്റെയും സൂത്രധാരൻ ഹിദ്മ ആയിരുന്നു.