റിലീസിനൊരുങ്ങുന്ന പ്രിയദർശൻ-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രമായ 'മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹ'ത്തിലെ ആദ്യ വീഡിയോ സോംഗ് ടീസർ പുറത്തിറങ്ങി. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിച്ച 'കണ്ണിലെന്റെ കണ്ണെറിഞ്ഞ്'എന്ന പ്രണയഗാനത്തിന്റെ ഒരു മിനുട്ട് നീളമുളള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും ശ്വേതാ മോഹനും സിയ ഉൾ ഹക്കും ചേർന്ന് ആലപിച്ച ഗാനമാണ് കണ്ണിലെന്റെ.
മുൻപ് ഫെബ്രുവരി അഞ്ചിന് ചിത്രത്തിലെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞു കുഞ്ഞാലി എന്ന താരാട്ടിന്റെ രൂപത്തിലുളള ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായിരുന്നു. റോണി റാഫേൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതാണ് കുഞ്ഞാലിയിലെ ഗാനങ്ങൾ. വരികൾ എഴുതിയത് ഹരിനാരായണനാണ്. സൂഫി ഈരടികൾ രചിച്ചത് ഷാഫി കൊല്ലം. മികച്ച നൃത്തസംവിധായികയ്‌ക്ക് ബൃന്ദാ മാസ്‌റ്റർക്ക് ഇത്തവണ ദേശീയ അംഗീകാരം ലഭിച്ച ഗാനമാണ് കണ്ണിലെന്റെ.
മലയാളത്തിലെ ആദ്യ നൂറ് കോടി ബജറ്റ് ചിത്രത്തിൽ മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സുഹാസിനി, കീർത്തി സുരേഷ്, ഫാസിൽ, സിദ്ദിഖ്, നെടുമുടിവേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകി മാർച്ച് 26ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഈ തീയതി മാറ്റി. മേയ് 13നാണ് ചിത്രം റിലീസ് ചെയ്യുക.